വിദ്യാഭ്യാസരംഗത്ത് ഭരണഘടനാ വിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു – മാര്‍ ആന്‍ഡ്രൂസ് താഴത്ത്

വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായ നയങ്ങളാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ സംസ്ഥാന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംഘടിപ്പിച്ച പ്രതിഷേധദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താന്‍ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനധികൃതമായി അധ്യാപക നിയമനങ്ങള്‍ നടത്തുകയാണെന്നു ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ ഒരുപാടു നല്‍കുന്നുണ്ട്. എന്നാല്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അവ ലഭിക്കുന്നില്ല. ക്ലാസ് മുറിയിലെ വിദ്യാര്‍ത്ഥി – അധ്യാപക അനുപാതം 1 : 30 ആയിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസനിയമം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം സുപ്രിംകോടതി തടഞ്ഞതാണ്. വീണ്ടും അതു ലംഘിക്കുന്ന പ്രഖ്യാപനമാണ് സംസ്ഥാന ബഡ്ജറ്റില്‍ നടത്തിയിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.

സമ്മേളനത്തില്‍ ഫാ. ആന്‍റണി ചെമ്പകശ്ശേരി അധ്യക്ഷനായിരുന്നു. ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍, സി. റാണി കുര്യന്‍, പി.ഡി. വിന്‍സെന്‍റ്, ബിജു ആന്‍റണി, ജെലിപ്സ് പോള്‍, ഓസ്റ്റിന്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി മാര്‍ച്ച് 5 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org