മതസൗഹാര്‍ദ്ദ, സാംസ്കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ചാവറയുടേത്: മാര്‍ ആന്‍റണി കരിയില്‍

മതസൗഹാര്‍ദ്ദ, സാംസ്കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ചാവറയുടേത്: മാര്‍ ആന്‍റണി കരിയില്‍

കൊച്ചി: മതസൗഹാര്‍ദ്ദ, സാംസ്കാരിക മേഖലയിലെ ചാവറ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഐക്യരാഷ്ട്രസംഘടനയുടെ പുരസ്കാരമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്‍റെ സ്പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി ലഭിച്ച ചാവറ കള്‍ച്ചറല്‍ സെന്‍ററിന് വിവിധ സംഘടനകളുടെ കൂട്ടായ്മയായ സാംസ്കാരിക കൊച്ചിയുടെ അഭിനന്ദനസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു പതിറ്റാണ്ടിലധികമായി വിവിധ തലങ്ങളില്‍ മഹത്തായ സംഭാവനകള്‍ ചാവറ കള്‍ച്ചറല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ നടന്നത് അതുല്യമായ മുന്നേറ്റങ്ങളാണ്. മറ്റു സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാതൃകയാകുന്ന തരത്തില്‍ സാമൂഹ്യ ഇടപെടല്‍ നടത്താന്‍ സെന്‍ററിനായി. കൊച്ചിയുടെ സാംസ്കാരിക മുഖം എന്ന നിലയില്‍ തിളങ്ങിയ ചാവറയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തെയാകെയും ധന്യമാക്കുന്നതായിരുന്നുവെന്നും തുടര്‍ന്ന് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയില്‍ ഇടം നേടിയെങ്കില്‍ വരും നാളില്‍ ചാവറയുടെ വിശാലമായ സാംസ്കാരിക ധാരയില്‍ യു.എന്‍. കേന്ദ്രം ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.വി. ആനന്ദബോസ് പറഞ്ഞു.

എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സാംസ്കാരിക കൊച്ചി വൈസ് ചെയര്‍മാന്‍ അഡ്വ. പി.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഷാജി എന്‍. കരുണ്‍, ഹൈബി ഈഡന്‍ എം.പി., സി. എം.ഐ. പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത്, റവ. ഡോ. തോമസ് ഐക്കര. എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.വി. പി. കൃഷ്ണകുമാര്‍, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org