ദൈവരാജ്യമൂല്യങ്ങള്‍ സഭാനവീകരണത്തിന് അനിവാര്യം – മാര്‍ ജോര്‍ജ് ഞരളക്കാട്ട്

ദൈവരാജ്യമൂല്യങ്ങള്‍ സഭാനവീകരണത്തിന് അനിവാര്യം – മാര്‍ ജോര്‍ജ് ഞരളക്കാട്ട്

ദൈവരാജ്യ മൂല്യങ്ങള്‍ക്കായി നിലകൊണ്ട് ദൈവിക ദൗത്യം തുടരുക എന്നത് സഭാനവീകരണത്തിന്‍റെ കാതലാണെന്ന് തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അഭിപ്രായപ്പെട്ടു. നവീകരണത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുന്ന രൂപരേഖയും ഇതാണെന്ന് അദ്ദേഹം പറഞ്ഞു. 'നവീകരിക്കപ്പെട്ട സഭ ലോകത്തിനുവേണ്ടിയും' എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ ചെയറും തൃശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ് ഞരളക്കാട്ട്. ഡോ. വിന്‍സന്‍റ് കുണ്ടുകുളം മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. വി.വി. ജോര്‍ജുകുട്ടി, ബല്‍ജിയം ലുവെയ്ന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. മത്യാസ് ലാംബെരിറ്റ്സ്, ഡോ. ജോസ് വടക്കേടം, ഡോ. ടോബി ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വിവിധ സെഷനുകളില്‍ പ്രഫ. മത്യാസ് ലാംബെരിറ്റ്സ്, മാര്‍ ടോണി നീലങ്കാവില്‍, ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. സമൂഹത്തിന്‍റെ കണ്ണീരൊപ്പാന്‍ നിരന്തരം പരിശ്രമിക്കുകയും സുവിശേഷ ചൈതന്യത്തില്‍ ആഴപ്പെടുകയും ചെയ്യുമ്പോഴാണ് സഭാനവീകരണം സാധ്യമാകുന്നതെന്ന് ആര്‍ച്ചു ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ബോധിപ്പിച്ചു. എല്ലാ മനുഷ്യരെയും സ്നേഹിക്കാനും ഉള്‍ക്കൊള്ളുവാനും ശക്തരാക്കുന്ന ദൈവത്തിന്‍റെ മിഷന്‍ ഓരോ ദിവസവും നാം സജീവമാക്കണമെന്ന് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org