ശുശ്രൂഷകള്‍ക്ക് പ്രതിസമ്മാനം പാവങ്ങളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി – മാര്‍ ജേക്കബ് മനത്തോടത്ത്

ശുശ്രൂഷകള്‍ക്ക് പ്രതിസമ്മാനം പാവങ്ങളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി – മാര്‍ ജേക്കബ് മനത്തോടത്ത്

കൊച്ചി: ആരും സഹായിക്കാനില്ലാത്തവര്‍ക്കായി നാം ചെയ്യുന്ന ശുശ്രൂഷകള്‍ക്ക് പ്രതിസമ്മാനം അവരുടെ മുഖത്തു വിരിയുന്ന സംതൃപ്തിയുടെ പുഞ്ചിരിയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ഓര്‍മിക്കണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് അഭിപ്രായപ്പെട്ടു. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മലബാര്‍ മേഖലയില്‍ എറണാകുളം-അങ്കമാലി അതിരൂപത നാം ഒന്നായ് പദ്ധതിപ്രകാരം നടപ്പാക്കുന്ന ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി അട്ടപ്പാടി മേഖലയിലെ ഭവനങ്ങളുടെ നിര്‍മാണത്തിനായി നടുവട്ടം, അകപ്പറമ്പ് ഇടവകകളും സഹൃദയ പ്രവര്‍ത്തകരും ചേര്‍ന്ന് സമാഹരിച്ച സഹായത്തുക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മെ ചുമതലപ്പെടുത്തുന്ന സഹായ തുകകള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുമെന്ന വിശ്വാസമാണ് ഔദാര്യപൂര്‍വം സഹകരിക്കുവാന്‍ സമൂഹത്തെ പ്രചോദിപ്പിക്കുന്നതെന്ന കാര്യം ഒരിക്കലും നാം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമം ഗ്രാമത്തെ ദത്തെടുക്കുന്ന അതിരൂപതയുടെ നാം ഒന്നായ് പദ്ധതി നാടിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊന്നുരുന്നിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അധ്യക്ഷനായിരുന്നു. മലബാര്‍ മേഖലയിലെ പ്രളയ ദുരിതബാധിതര്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് നാം ഒന്നായ് പദ്ധതി പ്രകാരം സമാഹരിച്ച സഹായം ഉപയോഗിച്ച് വിവിധ രൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗങ്ങളുമായി സഹകരിച്ചു കൊണ്ട് 25 ഹരിത ഭവനങ്ങള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ അസി. ഡയറക്ടര്‍മാരായ ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പി. പി. തോമസ്, അഡ്മിനിസ്ട്രേറ്റര്‍ ആനീസ് ജോബ്, ഭവന പദ്ധതി കോര്‍ഡിനേറ്റര്‍ ജീസ് പി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org