ക്രൈസ്തവര്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നവരായിരിക്കണം: മാര്‍ ജോസ് കല്ലുവേലില്‍

ക്രൈസ്തവര്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നവരായിരിക്കണം: മാര്‍ ജോസ് കല്ലുവേലില്‍

മണ്ണാര്‍ക്കാട്: പരിശുദ്ധ ദൈവമാതാവ് തന്‍റെ ഇളയമ്മയായ എലിസബത്തിനെ പരിചരിക്കാന്‍ തിടുക്കത്തില്‍ പോയതുപോലെ, ക്രൈസ്തവര്‍ മറ്റുള്ളവരെ പരിഗണിക്കുന്നവരും സന്തോഷം പകരുന്നവരുമാകണമെന്ന് കാനഡ എക്സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍ പറഞ്ഞു. പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കേരള കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സില്‍ കരിസ്മാറ്റിക് കമ്മീഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഫാത്തിമാ മാതാവിന്‍റെ തിരുസ്വരൂപ പ്രയാണത്തിന് മണ്ണാര്‍ക്കാട് ടൗണ്‍ പ്രസാദ മാതാ നിത്യാരാധന പള്ളിയില്‍ സ്വീകരണം നല്കിയ ശേഷം വി. കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഭൂമിയില്‍ സന്തോഷവും സമാധാനവും നിറയ്ക്കുവാനുള്ള പരിശുദ്ധ ദൈവമാതാവിന്‍റെ യാത്ര തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം 3.30-ന് നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്ന് ഫാത്തിമ മാതാവിന്‍റെ തിരുസ്വരൂപം ബൈക്കുകളുടെ അകമ്പടിയോടെ നിത്യാരാധന പള്ളിയിലേക്ക് പ്രദക്ഷിണമായി കൊണ്ടുവന്നു.

മാര്‍ ജോസ് കല്ലുവേലില്‍, കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സോണല്‍ ഡയറക്ടര്‍ ഡൊമിനിക് ഐപ്പന്‍ പറമ്പില്‍, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ചു. ഫാത്തിമ മാതാവിന്‍റെ സന്ദേശം ഫാ. ജോസ് അഞ്ചാനിക്കല്‍ വായിച്ചു. മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി നന്ദി പറഞ്ഞു. തുടര്‍ന്ന് മാതാവിന്‍റെ നൊവേന, നേര്‍ച്ച വിതരണം, രാത്രി മുഴുവന്‍ ജാഗരണ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരുന്നു.

അസി. വികാരി ഫാ. സിബിന്‍ കരുത്തി, ജനറല്‍ കണ്‍വീനര്‍ ജോണി കല്ലുവേലില്‍, കണ്‍വീനര്‍മാരായ സ്റ്റാന്‍ലി വാകാനില്‍, ബേബി പുതിയാത്ത്, തങ്കച്ചന്‍ പനയത്തില്‍, ബേബി പുന്നക്കുഴി, കൈക്കാരന്മാരായ ജോസ് വാകശ്ശേരി, സിജു കൊച്ചത്തിപ്പറമ്പില്‍, മാത്യൂ കല്ലുവേലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org