സീറോ മലബാര്‍ സഭയ്ക്ക് കാനഡയില്‍ പുതിയ രൂപത മാര്‍ ജോസഫ് കല്ലുവേലില്‍ പ്രഥമ മെത്രാന്‍

സീറോ മലബാര്‍ സഭയ്ക്ക് കാനഡയില്‍ പുതിയ രൂപത മാര്‍ ജോസഫ് കല്ലുവേലില്‍ പ്രഥമ മെത്രാന്‍

കാനഡയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി മിസ്സിസാഗാ ആസ്ഥാനമാക്കി പുതിയ രൂപത സ്ഥാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവായി. ഇതു വരെ അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് ആയിരുന്ന മിസ്സിസാഗയെ രൂപതയാക്കി ഉയര്‍ത്തികൊണ്ടാണ് ഈ നടപടിക്രമം. 2015 ആഗസ്റ്റ് 6-ാം തീയതിയായിരുന്നു കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് അപ്പസ്റ്റോലിക് എക്സാര്‍ക്കേറ്റു സ്ഥാപിതമായതും മാര്‍ ജോസ് കല്ലുവേലില്‍ അപ്പസ്റ്റോലിക് എക്സാര്‍ക്കായി നിയമിക്കപ്പെട്ടതും.

രൂപതയുടെ പദവി ഇല്ലാത്തതും എന്നാല്‍ രൂപതയോട് സമാനവുമായ സഭാ ഭരണസംവിധാനമാണ് എക്സാര്‍ക്കി. വിശ്വാസികളുടെ എണ്ണം കൂടുകയും ഇടവകകള്‍ സ്ഥാപിക്കപ്പെടുകയും മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെടുകയും ചെയ്തുകഴിയുമ്പോഴാണ് എക്സാര്‍ക്കി രൂപതയായി ഉയര്‍ത്തപ്പെടുന്നത്. ഇപ്രകാരം മൂന്നര വര്‍ഷത്തെ കാലഘട്ടത്തിനുള്ളില്‍ കാനഡായില്‍ സീറോ മലബാര്‍ സഭയ്ക്ക് ഒരു രൂപതയുടെ സംവിധാനങ്ങളെല്ലാം ക്രമീകൃതമായി എന്നു ബോധ്യപ്പെട്ടതിന്‍റെ വെളിച്ചത്തിലാണ് പുതിയ രൂപത സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

കാനഡ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയില്‍ ഒമ്പതു പ്രോവിന്‍സുകളിലായി 12 ഇടവകകളും 34 മിഷന്‍ കേന്ദ്രങ്ങളും ഇരുപതിനായിരത്തോളം വിശ്വാസികളുമുണ്ട്. എക്സാര്‍ക്കി സ്ഥാപിതമായ സമയം രണ്ടു വൈദികര്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 23 വൈദികരുണ്ട്. 7 പേര്‍ വൈദിക പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. മൂന്നു സന്യാസിനിസമൂഹങ്ങളില്‍ നിന്ന് 12 സിസ്റ്റഴ്സ് ഇവിടെ ശുശ്രൂഷ ചെയ്തു വരുന്നു. കത്തീഡ്രല്‍ ദേവാലയം ഉള്‍പ്പെടെ നാല് ദേവാലയങ്ങളും രൂപതയ്ക്ക് സ്വന്തമായുണ്ട്.

ഇതുവരെ തബാല്‍ത്താ രൂപതയുടെ സ്ഥാനികമെത്രാനും കാനഡായിലെ അപ്പസ്റ്റോലിക് എക്സാര്‍ക്കുമായിരുന്ന മാര്‍ ജോസ് കല്ലുവേലില്‍ ആണ് മിസ്സിസാഗാ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്. കാനഡായിലെ ടൊറോന്‍റോയില്‍ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളുടെയിടയില്‍ അജപാലന ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2015 ആഗസ്റ്റ് 6-ന് അപ്പസ്റ്റോലിക് നിയമിക്കപ്പെട്ടത്. 2015 സെപ്റ്റംബര്‍ 19-നായിരുന്നു മെത്രാഭിഷേകം. പുതിയ രൂപതയുടെ ഉദ്ഘാടനവും മെത്രാന്‍റെ സ്ഥാനാരോഹണവും സംബന്ധിച്ച തീയതി പിന്നീട് തീരുമാനിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org