ക്രൈസ്തവ സഭയുടെ സമഗ്രസംഭാവനകള്‍ നാടിന്‍റെ വളര്‍ച്ചയ്ക്ക് ശക്തിപകരുന്നു -മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷ തുടങ്ങി വിവിധ തലങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്‍റെ സംഭാവനകളും സേവനങ്ങളും രാജ്യത്തെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്‍റെ നന്മയ്ക്കും സമഗ്രവളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.

കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസനയം, ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും എന്നീ വിഷയങ്ങളെക്കുറിച്ച് കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പഠനപ്രതികരണ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ മുഖ്യാഥിതിയായി ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും വിശദീകരിച്ചു. അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ച നിലപാടെടുക്കുവാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് കഴിയണം. കുടുംബങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതികരിക്കേണ്ട വിഷയങ്ങളില്‍ ഉറച്ച നിലപാടുകളെടുത്ത് അപ്പോള്‍തന്നെ പ്രതികരിക്കുവാനുള്ള ആര്‍ജ്ജവമുണ്ടായിരിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ചര്‍ച്ചകള്‍ക്ക് മോഡറേറ്ററായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പ്രൊഫ. റൂബിള്‍ രാജ് ക്ലാസ് നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org