മൂല്യമില്ലാത്ത രാഷ്ട്രീയം സമൂഹത്തെ ജീര്‍ണിപ്പിക്കും -ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്

മൂല്യമില്ലാത്ത രാഷ്ട്രീയം സമൂഹത്തെ ജീര്‍ണിപ്പിക്കും -ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്

രാഷ്ട്രത്തെ ലക്ഷ്യബോധത്തോടെ നയിക്കുന്നതില്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് സുപ്രധാന പങ്കാണുള്ളതെന്നും, എന്നാല്‍ ഭരണഘടനാമൂല്യങ്ങളും ധാര്‍മികതയും മറന്നുകൊണ്ടുള്ള രാഷ്ട്രീ യം സമൂഹത്തെ ജീര്‍ണിപ്പിക്കുമെന്നും കെസിബിസി സെക്രട്ടറി ജനറല്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സിലിന്‍റെ (കെസിസി) പിഒസിയില്‍ കൂടിയ യോഗം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടന ലോകരാജ്യങ്ങള്‍ക്ക് മാതൃകയായിരിക്കുന്നത,് അതുയര്‍ത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെയും നീതീബോധത്തിന്‍റെയും പേരിലാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും രാഷ്ട്ര നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രസ്തുതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതാകണം. എല്ലാ പൗരന്മാര്‍ക്കും നീതി ലഭിക്കുന്നു എന്നുറപ്പുവരുത്തുന്നതിലാണ് രാഷ്ട്രത്തിന്‍റെ ഭരണാധികാരികള്‍ മാതൃകയാകേണ്ടത്. സമഗ്രാധിപത്യ പ്രവണതയും സ്വജനപക്ഷപാതവും അധികാരത്തെ മാത്രമല്ല സമൂഹത്തെയാകെ ദുഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ചര്‍ച്ച് ബില്‍ 2019-ഉം കാണാച്ചരടുകളും" എന്ന വിഷയത്തില്‍ ജസ്റ്റീസ് ഏബ്രഹാം മാത്യുവും "സമകാലീന നവോത്ഥാന ചര്‍ച്ചകളും ക്രൈസ്തവപ്രതികരണവും" എന്ന വിഷയത്തില്‍ ഡോ. ഗാസ്പര്‍ സന്ന്യാസിയും "ലോകസഭാ ഇലക്ഷനും സഭയുടെ നിലപാടും" എന്ന വിഷയത്തില്‍ ജെക്കോബിയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, ജോയിന്‍റ് സെക്രട്ടറി ഷാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികളും, വൈദികരുടെയും സന്ന്യസ്തരുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org