മാറുന്ന കുടുംബപശ്ചാത്തലം തിരിച്ചറിയണം – മാര്‍ പൊരുന്നേടം

മാറുന്ന കുടുംബപശ്ചാത്തലം തിരിച്ചറിയണം – മാര്‍ പൊരുന്നേടം

കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാന കോശമാണെന്നും കുടുംബം പോകുന്ന വഴിയിലൂടെയാണ് വ്യക്തികളും സമൂഹവും സഭയുമെല്ലാം മുന്നോട്ടു പോകുന്നതെന്നതിനാല്‍ കുടുംബത്തെയും വൈവാഹിക ജീവിതത്തെയും ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. കെസിബിസി മലബാര്‍ മേഖല പ്രോലൈഫ് സമിതി 'ഒന്നാകാന്‍' എന്ന പേരില്‍ സംഘടിപ്പിച്ച, വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരുടെ സംഗമം ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തക്കസമയത്ത് വിവാഹം നടക്കാത്തതിന് കാരണം മാറിവരുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളാണെന്നു ബിഷപ് പറഞ്ഞു.

മലബാര്‍ മേഖല പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, പ്രസിഡന്‍റ് സാലു എബ്രാഹം, ഷിബു ജോണ്‍, ടോമി പ്ലാത്തോട്ടം, ഡോ. ഫ്രാന്‍സിസ് ആറാടന്‍, സജീവ് പുരയിടത്തില്‍, ഷാജന്‍ മണിമല, സിസ്റ്റര്‍ റോസ് മരിയ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. മലബാര്‍ മേഖലയിലുള്ള പത്തു കത്തോലിക്കാ രൂപതകളില്‍ (തലശേരി, താമരശേരി, മാനന്തവാടി, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, മാണ്ഡ്യ, കോട്ടയം (ത്രീപുരം), പുത്തൂര്‍, കണ്ണൂര്‍, ബല്‍ത്തങ്ങാടി) നിന്നുള്ള മൂവായിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ഇതിനോടകം രജിസ്റ്റര്‍ ചെയ്യപ്പെട്ട 3000-ത്തോളം പേരുടെ ഫോട്ടോ അടക്കമുള്ള വിശദമായ വിവരങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചത് പങ്കെടുത്തവര്‍ക്ക് പങ്കാളിയെ തെരഞ്ഞെടുക്കുവാന്‍ ഏറെ സഹായകരമായി.

വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കുവേണ്ടിയുള്ള പ്രത്യേക വെബ്സൈറ്റ് www.prolifemarry.com സംഗമത്തില്‍ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ 9745409797, 8289863810 എന്നീ നമ്പറുകളില്‍ നിന്നു ലഭിക്കും. കേരളത്തിലുള്ള മറ്റു കത്തോലിക്കാ രൂപതകളെ ഉള്‍പെടുത്തി അഞ്ചു മേഖലകളിലായി തുടര്‍ന്നും സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org