Latest News
|^| Home -> Kerala -> സഭയുടെ നന്മകള്‍ ഇതരമതസ്ഥരുമായി പങ്കുവയ്ക്കണം – മാര്‍ പുത്തന്‍വീട്ടില്‍

സഭയുടെ നന്മകള്‍ ഇതരമതസ്ഥരുമായി പങ്കുവയ്ക്കണം – മാര്‍ പുത്തന്‍വീട്ടില്‍

Sathyadeepam

കൊച്ചി: സഭയുടെ നന്മകള്‍ ഇതരമതസ്ഥരുമായി പങ്കുവയ്ക്കുന്നതു ക്രൈസ്തവജീവിതത്തിന്‍റെ ഭാഗമായി കാണണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. അതിരൂപതയിലെ ഇന്‍റര്‍ റിലീജിയസ് ഡയലോഗ് ആന്‍ഡ് എക്യുമെനിസം വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതര മതങ്ങളെ അറിയാനും ആദരിക്കാനും നമുക്കു സാധിക്കണം. നന്മയുള്ള സമൂഹം സൃഷ്ടിക്കുകയെന്ന സാമൂഹ്യദൗത്യം തിരിച്ചറിഞ്ഞു വ്യത്യസ്ത മതവിശ്വാസികളുമായി നിരന്തരമായ ആശയവിനിമയം നടത്താനും സൗഹാര്‍ദം ശക്തിപ്പെടുത്താനും പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നും മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു.

മതസൗഹാര്‍ദം പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ ഇന്‍റര്‍ റിലീജിയസ് ഡയലോഗ് ആന്‍ഡ് എക്യുമെനിസം വിഭാഗം സംസ്ഥാനതലത്തില്‍ യുവജനങ്ങള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്കു മാര്‍ പുത്തന്‍വീട്ടില്‍ പുരസ്കാരങ്ങള്‍ നല്‍കി. മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ബ്രദര്‍ സിറിള്‍ പാലച്ചുവട്ടിലിനാണ് ഒന്നാം സ്ഥാനം. പാലാ സെന്‍റ് തോമസ് കോളജിലെ ജിത്തു കെ. ജോസ് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പിള്ളി സുവാറയിലെ അജോ പേഴുകാട്ടില്‍, കൊല്ലം സെന്‍റ് ജോണ്‍സ് കോളജിലെ ചിഞ്ചു സാറ ടൈറ്റസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

കെസിബിസി ഇന്‍റര്‍ റിലീജിയസ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. പ്രസാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ റവ. ഡോ. സക്കറിയാസ് പറനിലം, അസിസ്റ്റന്‍റ് ഡയറക്ടര്‍ റവ.ഡോ. ജോണ്‍സണ്‍ വടക്കുംചേരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*