വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനത്തിലൂടെ യുവജനങ്ങള്‍ മാതൃകയാകണം -മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനത്തിലൂടെ യുവജനങ്ങള്‍ മാതൃകയാകണം -മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

പെരുമ്പാവൂര്‍: കാലഘട്ടത്തിന്‍റെ വക്താക്കളായി യുവജനങ്ങള്‍ മാറണമെന്നും വെല്ലുവിളികള്‍ ഏറ്റെടുത്ത് നന്മ നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ യുവജനങ്ങള്‍ ലോകത്തിനു മാതൃക നല്കണമെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. കോടനാട് സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍വച്ച് നടന്ന കെസിവൈഎം എറണാകുളം അങ്കമാലി അതിരൂപതയുടെ യുവജനദിനാ ഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്‍റെയും പ്രതീക്ഷയായി വളര്‍ന്നുകൊണ്ടിരിക്കുന്ന യുവജനങ്ങളാണ് വരുംതലമുറയുടെ ഭാവി നിശ്ചയിക്കുന്നതെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സഭ നേരിടുന്ന പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന അത്യാവശ്യമാണെന്നും മാര്‍ എടയന്ത്രത്ത് ഓര്‍മിപ്പിച്ചു. കെ സി വൈ എം അതിരൂപത പ്രസിഡണ്ട് ടിജോ പടയാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. നിലവിലെ സാഹചര്യത്തില്‍ സഭ നേരിടുന്ന പ്രശ്നങ്ങളിലും പ്രശ്നങ്ങളോടുള്ള സഭയുടെ സമീപനങ്ങളിലും യുവജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ടിജോ പടയാട്ടില്‍ അഭിപ്രായപ്പെട്ടു. സിനിമാതാരം സിജോയ് വര്‍ഗീസ് യോഗത്തില്‍ മുഖ്യാഥിതിയായിരുന്നു. വൈദികര്‍ക്കും സിസ്റ്റേഴ്സിനും വേണ്ടി അല്മായര്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും സിജോയ് വര്‍ഗീസ് ഓര്‍മിപ്പിച്ചു.

നീറ്റ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജെസ് മരിയ ബെന്നി, സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാരത്നം പുരസ്കാരം കരസ്ഥമാക്കിയ ബത്ലേഹം അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാന്‍ എന്നിവരെ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ചടങ്ങില്‍ ആദരിച്ചു. മാര്‍ എബ്രഹാം കാട്ടുമന അനുസ്മരണ സംവാദ മത്സരത്തിലെ വിജയികള്‍ക്ക് സിജോയ് വര്‍ഗീസ് ചടങ്ങില്‍ പുരസ്കാര വിതരണം നടത്തി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കെ.സി. വൈ.എം. അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്പാന്‍, ജന. സെക്രട്ടറി അനീഷ് മണവാളന്‍, വൈസ് പ്രസിഡണ്ട് ഹില്‍ഡ സെബാസ്റ്റ്യന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സൂരജ് ജോണ്‍ പൗലോസ്, ഫൊറോനാ ഡയറക്ടര്‍ ഫാ. കുരുവിള മരോട്ടിക്കല്‍, വികാരി ഫാ. നിക്കോളാസ് മാണിപറമ്പില്‍, മലയാറ്റൂര്‍ വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് കണ്‍വീനര്‍ ലിജോ കിടങ്ങേന്‍, പ്രസിഡണ്ട് അലില്‍ഡാ വര്‍ഗീസ് യൂണിറ്റ് പ്രസിഡണ്ട് സരിന്‍ പള്ളശേരി, മാര്‍ട്ടിന്‍ ചിരപറമ്പന്‍, സിസ്റ്റര്‍ ഗ്രെയ്സ് ജോസ്, സിസ്റ്റര്‍ ലിസ് മരിയ എസ് ഡി, ജോണ്‍സണ്‍ മാണിക്യത്താന്‍, ലൂയിസ് പള്ളിക്ക, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി അയ്യായിരത്തോളം യുവജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org