അഭിഭാഷകര്‍: മനുഷ്യാവകാശത്തിന്‍റെ പ്രസരിപ്പുള്ള പ്രവാചകര്‍ -മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

അഭിഭാഷകര്‍: മനുഷ്യാവകാശത്തിന്‍റെ പ്രസരിപ്പുള്ള പ്രവാചകര്‍  -മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

ആധുനിക ലോകത്തില്‍ സഭയുടെ അജപാലനശുശ്രൂഷ കേവലം ഇടവകകേന്ദ്രീകൃതമായ ആത്മീയപ്രവര്‍ത്തനങ്ങള്‍ മാത്രമല്ലെന്നും മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തില്‍ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പ്രവര്‍ത്തനവും അജപാലനശുശ്രൂഷ തന്നെയാണെന്നും പീഡിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണീരും രോദനവും നമുക്ക് അവഗണിക്കാനാവില്ലെന്നും സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. അഭിഭാഷകരായ വൈദികരുടെയും സിസ്റ്റേഴ്സിന്‍റെയും ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശത്തിന്‍റെ പ്രസരിപ്പുള്ള പ്രവാചകരാകാനും നീതിക്കായി കോടതിയുടെ മുന്നിലെത്താന്‍ സാധിക്കാത്ത സാധാരണ മനുഷ്യന് സഹായകമാകുന്ന ദേശീയതലത്തിലുള്ള ഒരു മിഷനറി നെറ്റ്വര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അഭിഭാഷകരായ വൈദികര്‍ക്കും സിസ്റ്റേഴ്സിനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈദിക, സന്ന്യസ്ത അഭിഭാഷക ഫോറത്തിന്‍റെ ദേശീയ അധ്യക്ഷന്‍ ഫാ. പി.ഡി. മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് മുഖ്യാതിഥിയായിരുന്നു. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കേരള ഫോറം കണ്‍വീനര്‍ ഫാ. തോമസ് ജോസഫ് തേരകം, ദേശീയ ഉപാദ്ധ്യക്ഷ സിസ്റ്റര്‍ ജൂലി ജോര്‍ജ്, ഫാ. സ്റ്റീഫന്‍, സി. ജോയ്സി, ഫാ. സിബി പാറടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്‍റെ സമാപനത്തില്‍ ജസ്റ്റിസ് അബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകവൃത്തിയിലുള്ള വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും സര്‍പ്പങ്ങളുടെ വിവേകവും പ്രാവുകളുടെ നിഷ്കളങ്കതയും അനിവാര്യമാണെന്ന് ജസ്റ്റിസ് അനുസ്മരിപ്പിച്ചു. മുഖ്യധാരാ സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ നിരാലംബര്‍ക്കും ചൂഷിതര്‍ക്കും നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു ലാഭേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കാന്‍ വൈദികര്‍ക്കും സിസ്റ്റേഴ്സിനും സാധ്യതകള്‍ ഏറെയാണെന്നും അദ്ദഹം പറഞ്ഞു. ഭാരതത്തിലെ പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org