മാര്‍ച്ചിലെ പ്രാര്‍ത്ഥന നവരക്തസാക്ഷികള്‍ക്കായി

ലോകമെങ്ങും മരണഭീഷണി നേരിടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി ഈ മാസത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കുരിശുവരയ്ക്കുന്നതിന്‍റെയോ ബൈബിള്‍ വായിക്കുന്നതിന്‍റെയോ ഞായറാഴ്ച വി. കുര്‍ബാനയ്ക്കു പോകുന്നതിന്‍റെയോ പേരില്‍ മരണത്തെ അഭിമുഖീകരിക്കുന്ന ക്രൈസ്തവരുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നമുക്കിതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുതോന്നിയേക്കാം. പക്ഷേ, ഇതാണു യാഥാര്‍ത്ഥ്യം. ആദിമനൂറ്റാണ്ടുകളേക്കാള്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നത് ഇക്കാലത്താണ്. മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സിദ്ധാന്തത്തിലും കടലാസിലും നിലവിലുള്ള രാജ്യങ്ങളില്‍പോലും യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ ക്രൈസ്തവര്‍ മര്‍ദ്ദിക്കപ്പെടുന്നുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

മതസ്വാതന്ത്ര്യം ഗുരുതരമായ ഭീഷണി നേരിടുന്ന 38 രാജ്യങ്ങള്‍ ലോകത്തുണ്ടെന്നാണ്, 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന പേപ്പല്‍ ഫൗണ്ടേഷന്‍റെ കണക്ക്. അടുത്തകാലത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്ന ചില ആക്രമണങ്ങളുടെ വിവരങ്ങള്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാഹ്വാനവുമായി പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലുണ്ട്. ചിലതിനു വലിയ മാധ്യമശ്രദ്ധ കിട്ടുന്നു; ചിലതു ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് സന്ദേശം ചൂണ്ടിക്കാട്ടുന്നു. ഫിലിപ്പൈന്‍സിലെ ജോലോ കത്തീഡ്രലില്‍ വി. കുര്‍ബാനയ്ക്കിടെ നടന്ന സ്ഫോടനത്തില്‍ 23 വിശ്വാസികളാണ് കൊല്ലപ്പെട്ടത്. 2018-ല്‍ ആകെ 38 മിഷണറിമാര്‍ കൊല്ലപ്പെട്ടു. അവരില്‍ 35 പേരും പുരോഹിതരായിരുന്നു.

അമേരിക്കയിലെ ഒരു സന്നദ്ധ സംഘടനയുടെ 2018-ലെ റിപ്പോര്‍ട്ടനുസരിച്ച് ആഗോളക്രൈസ്തവരില്‍ 215 കോടിയും വിശ്വാസത്തിന്‍റെ പേരില്‍ ഭീഷണി നേരിടുന്നവരാണ്. ക്രൈസ്തവരില്‍ 12-ല്‍ ഒരാള്‍വീതം കഴിയുന്നത് ക്രിസ്തുമതം നിയമവിരുദ്ധമോ വിലക്കപ്പെട്ടതോ ആയ രാജ്യങ്ങളിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org