Latest News
|^| Home -> International -> മധ്യപൂര്‍വദേശത്തെ മര്‍ദ്ദിത ക്രൈസ്തവരെ പിന്തുണയ്ക്കുമെന്ന് അമേരിക്ക

മധ്യപൂര്‍വദേശത്തെ മര്‍ദ്ദിത ക്രൈസ്തവരെ പിന്തുണയ്ക്കുമെന്ന് അമേരിക്ക

Sathyadeepam

മധ്യപൂര്‍വദേശത്തെ മര്‍ദ്ദിത ക്രൈസ്തവരോട് അമേരിക്ക പ്രതിബദ്ധത പുലര്‍ത്തുമെന്നും സമാധാനസ്ഥാപനത്തിനു പരിശ്രമിക്കുമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക് പെന്‍സ് പ്രസ്താവിച്ചു. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയായിരുന്നു പെന്‍സിന്‍റെ പ്രസ്താവന. ഇറാഖിലെ എര്‍ബില്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ് ബാഷര്‍ വാര്‍ധയുമായി പെന്‍സ് കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാഖിലെ ക്രൈസ്തവരോടും മതന്യൂനപക്ഷങ്ങളോടുമുള്ള പ്രതിബദ്ധത അന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കയുടെ തീരുമാനം മധ്യപൂര്‍വദേശത്തെ ക്രൈസ്തവനേതാക്കളുടെ പ്രതിഷേധത്തിനിടയാക്കി. ഇതേതുടര്‍ന്ന് പെന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിവിധ സഭാനേതാക്കള്‍ വിസമ്മതിക്കുകയും ചെയ്തു. ജറുസലേമിലും വിശുദ്ധനാട്ടിലും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഇസ്രായേലിന്‍റെ തീരുമാനവും അതിന് അമേരിക്ക നല്‍കുന്ന അംഗീകാരവും ഇടയാക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. ഇസ്രായേലിന്‍റെ തീരുമാനത്തെ വത്തിക്കാനും വിമര്‍ശിച്ചിരുന്നു.

മധ്യപൂര്‍വദേശത്തെ ക്രൈസ്തവരെയും മറ്റു മതന്യൂനപക്ഷങ്ങളേയും സഹായിക്കുന്നതിന് അമേരിക്ക ഇതിനകം 11 കോടി ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞതായി പെന്‍സ് അറിയിച്ചു. കാര്യക്ഷമമല്ലാത്ത ദുരിതാശ്വാസ പദ്ധതികളില്‍ നിന്നു പണം വക മാറ്റി മധ്യപൂര്‍വദേശത്തെ ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും അതു നേരിട്ടു നല്‍കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്നും പെന്‍സ് പറഞ്ഞു.

Leave a Comment

*
*