മാര്‍പാപ്പ പത്തു പേര്‍ക്കു പൗരോഹിത്യം നല്‍കി

മാര്‍പാപ്പ പത്തു പേര്‍ക്കു പൗരോഹിത്യം നല്‍കി

നല്ലിടയന്‍റെ തിരുനാള്‍ ആഘോഷിച്ച ഉയിര്‍പ്പുകാലത്തെ നാലാം ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പത്തു പേര്‍ക്കു പൗരോഹിത്യം നല്‍കി. ദൈവവിളി പ്രാര്‍ത്ഥനാ ദിനം കൂടിയാണ് ഇത്.

പൗരോഹിത്യം സാധാരണ അര്‍ത്ഥത്തിലുള്ള ഒരു തൊഴില്‍ അല്ലെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സഭയില്‍ ഉയര്‍ച്ച നേടുന്നതിനുള്ള ഒരു മാര്‍ഗമായല്ല പൗരോഹിത്യത്തെ കാണേണ്ടത്. യേശു ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത് സ്വന്തമായ വഴി ഉണ്ടാക്കാനല്ല, മറിച്ച് പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിക്കാനാണ്. വളരെ ബുദ്ധിപരമോ വിപുലമോ ആയ സുവിശേഷപ്രസംഗങ്ങളല്ല വൈദികര്‍ നടത്തേണ്ടത്. നമ്മുടെ കര്‍ത്താവ് സംസാരിച്ചതുപോലെ ലളിതമായി ഹൃദയങ്ങളിലേയ്ക്കെത്തുന്ന രീതിയിലാണ് സംസാരിക്കേണ്ടത്. ധാരാളം ദൈവശാസ്ത്രം പഠിക്കുകയും രണ്ടോ മൂന്നോ ഉന്നത ബിരുദങ്ങള്‍ നേടുകയും ചെയ്ത വൈദികന്‍ കര്‍ത്താവിന്‍റെ കുരിശു ചുമക്കാന്‍ പഠിച്ചിട്ടില്ലെങ്കില്‍ ഉപയോഗമില്ലാത്തവനാണ്. അദ്ദേഹം നല്ല വിദ്യാഭ്യാസ വിദഗ്ദ്ധനോ പ്രൊഫസറോ ആകാം, പുരോഹിതനാകില്ല. താങ്ങാനാകാത്ത കുരിശുകള്‍ ദൈവജനത്തിനുമേല്‍ വച്ചു കൊടുക്കരുത് – മുന്‍കൂര്‍ തയ്യാറാക്കിയ സുവിശേഷപ്രസംഗത്തില്‍ നിന്നു വ്യതിചലിച്ചുകൊണ്ടു മാര്‍പാപ്പ ആവശ്യപ്പെട്ടു.

സദാ സന്തോഷഭരിതരായിരിക്കാന്‍ മാര്‍പാപ്പ പുരോഹിതരെ ആഹ്വാനം ചെയ്തു. ക്രിസ്തുവിന്‍റെ സേവനത്തിലുള്ള സന്തോഷം കൊണ്ടു നിറയുവിന്‍. നല്ലിടയന്‍റെ മാതൃക സദാ കണ്‍മുമ്പില്‍ സൂക്ഷിക്കുവിന്‍. അവന്‍ സേവിക്കാനാണു വന്നത്, സേവിക്കപ്പെടാനല്ല. പ്രഭുക്കന്മാരോ രാഷ്ട്ര പുരോഹിതരോ അല്ല, ദൈവജനത്തിന്‍റെ ഇടയന്മാരാകുവിന്‍ – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org