വിവാഹജീവിതത്തില്‍ തുടരുന്നതിന് ദൈവകൃപ ആവശ്യം -ഫ്രാന്‍സിസ് മാര്‍പാപ്പ

വിവാഹജീവിതത്തില്‍ തുടരുന്നതിന് ദൈവകൃപ ആവശ്യം -ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വയം ദാനത്തില്‍ അധിഷ്ഠിതമായ സ്നേഹമാണ് വിവാഹജീവിതത്തിനാവശ്യമെന്നും പരസ്പരമുള്ള പ്രതിബദ്ധതയില്‍ തുടരുന്നതിനു ദൈവകൃപ ദമ്പതിമാര്‍ക്കാവശ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വ്യക്തിപരമായ താത്പര്യങ്ങള്‍ക്കും സംതൃപ്തിക്കുമാണു പ്രാധാന്യം നല്‍കുന്നതെങ്കില്‍ അവരുടെ ഐക്യം സുസ്ഥിരമായി നിലനില്‍ക്കുക എളുപ്പമല്ല. എങ്കിലും വിവാഹമോചനമോ വേര്‍പിരിയലോ സംഭവിക്കുകയാണെങ്കിലും സഭ അതിനെ അപലപിക്കുകയില്ല. മുറിവേറ്റ ആ ഹൃദയങ്ങളെ ദൈവത്തിലേയ്ക്കെത്തിക്കാന്‍ ശ്രമിക്കുകയാണു സഭ ചെയ്യുക. മുറിവേറ്റ സ്നേഹത്തെ കാരുണ്യത്തിലൂടെയും ക്ഷമയിലൂടെയും സുഖപ്പെടുത്താന്‍ ദൈവത്തിനു സാധിക്കും – മാര്‍പാപ്പ വിശദീകരിച്ചു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പായി തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍ പാപ്പ.

ദൈവം യോജിപ്പിച്ചതു മനുഷ്യര്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന യേശുവിന്‍റെ പ്രബോധനം വളരെ വ്യക്തമാണെന്നും വിവാഹത്തിന്‍റെ അന്തസ്സിനെ സംരക്ഷിക്കുന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു. വിവാഹത്തെ സംബന്ധിച്ച ദൈവത്തിന്‍റെ പദ്ധതിയെ യേശു ഉറപ്പിക്കുകയാണ് ഈ വാക്കുകളില്‍. വിവാഹത്തിന്‍റെ സുസ്ഥിര പ്രതിബദ്ധതയ്ക്കു അപവാദങ്ങളില്ലെന്നും അവിടുന്നു വ്യക്തമാക്കുന്നു. ഒരു വശത്ത് സഭ, സുവിശേഷങ്ങളും പാരമ്പര്യങ്ങളും നല്‍കിയ കുടുംബത്തിന്‍റെ സൗന്ദര്യത്തെ അക്ഷീണം പ്രഘോഷിക്കുന്നു. മറുവശത്ത്, തകര്‍ന്ന കുടുംബങ്ങള്‍ക്ക് സമാശ്വാസം നല്‍കാനും സഭ മാതാവിനടുത്ത വാത്സല്യത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു-മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org