മാര്‍ത്തോമ്മാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ചങ്ങനാശ്ശേരി: അല്മായര്‍ക്ക് വേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ്മാ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണി ക്കുന്നു. ഇരുപത്തയ്യായിരം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഭാരതീയവും പൗരസ്ത്യവുമായ ക്രൈസ്തവ പൈതൃകം ആഴത്തില്‍ അറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായകമാകും വിധം മികച്ച സംഭാവനകള്‍ നല്കുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ പൗരസ്ത്യ ക്രൈസ്തവ പൈതൃകത്തോടു ബന്ധപ്പെട്ട് ദൈവശാസ്ത്രം, കല, സാഹിത്യം, വാസ്തുശില്പം, പുരാവസ്തു ഗവേഷണം, ചരിത്രം, ദൈവാരാധന തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കുന്നവരില്‍ നിന്നാണ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ദേശീയഅന്തര്‍ദ്ദേശീയതലങ്ങളില്‍ ക്രൈസ്തവഅക്രൈസ്ത ഭേദമെന്യേ ആര്‍ക്കും സ്വന്തമായോ മറ്റുള്ളവര്‍ക്കുവേണ്ടിയോ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. 2018 ഡിസംബര്‍ 31 വരെയുള്ള സംഭാവനകള്‍ മാത്രമേ പുരസ്കാരത്തിനായി പരിഗണിക്കുകയുള്ളൂ. നാമനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പരിഗണിക്കപ്പെടേണ്ട വ്യക്തിയുടെ ഫോട്ടോ, സംഭാവനകള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ മറ്റു ഫോട്ടോഗ്രാഫുകള്‍, ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറം നേരിട്ടോ, തപാലിലോ നല്കാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷാഫോറം 2019 മേയ് 31-നകം സെക്രട്ടറി, മാര്‍ത്തോമ്മാ പുരസ്കാരം, മാര്‍ത്തോമ്മാ വിദ്യാനികേതന്‍, പിബി നമ്പര്‍ 20, ചങ്ങനാശ്ശേരി, പിന്‍കോഡ് 686101, കേരള എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. 2019 ജൂലൈ 3-ാം തീയതി മാര്‍ത്തോമ്മാ വിദ്യാനികേതന്‍ വാര്‍ഷികത്തോടനുബന്ധിച്ച് അവാര്‍ഡുദാനം നടത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org