മാസിക പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണം — കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

"കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്ന്" വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്ന ഗവണ്‍മെന്‍റ് പ്രസിദ്ധീകരണം അടിയന്തിരമായി പിന്‍വലിച്ച് മാപ്പു പറയണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍.എസ്.എസ്.) വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന "വിജ്ഞാന കൈരളി" എന്ന മാസികയുടെ ആഗസ്റ്റ് ലക്കത്തിലാണ്, ചീഫ് എഡിറ്റര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായരുടെ ആഹ്വാനം. സംസ്ഥാനത്തെ 1200-ല്‍പരം വിദ്യാലയങ്ങളിലായി ഒരു ലക്ഷത്തിലേറെ വരുന്ന എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്കായി വിതരണം ചെയ്യുന്ന പുസ്തകമാണ് "വിജ്ഞാനകൈരളി." എന്‍. എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ വിവിധ പഠനപരിശീലനങ്ങള്‍ നടത്തേണ്ടത് ഈ മാസികയിലെ ലേഖനങ്ങളെ അധികരിച്ചാണ്.

"മറ്റൊരാളിന്‍റെ മുമ്പില്‍ ചെയ്ത പ്രവൃത്തി ഏറ്റുപറയുന്നതാണ് കുമ്പസാരമെന്ന് ഓര്‍മ്മിപ്പിക്കുന്ന മുഖപ്രസംഗം, ചെയ്തുപോയ തെറ്റുകള്‍ക്ക് പൗരോഹിത്യമാണ് കുമ്പസാരിക്കേണ്ടതെന്നും, സ്ത്രീശരീരം ഒരു ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കില്‍ ഇനിമുതല്‍ ഒരു സ്ത്രീയും, കര്‍ത്താവിന്‍റെ മണവാട്ടിയും ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും ആഹ്വാനം ചെയ്യുന്നു. കുമ്പസാരിക്കുന്ന പുരുഷന്‍ ഒരിക്കലും പീഡിപ്പിക്കപ്പെടുന്നില്ല" എന്നു പറയുന്ന മുഖപ്രസംഗം കുമ്പസാരിക്കുന്ന സ്ത്രീകളെല്ലാം പീഡിപ്പിക്കപ്പെടുകയാണെന്ന് പരോക്ഷമായി പറയുന്നു.

രണ്ടു സഹസ്രാബ്ദത്തിലേറെയായി ആഗോളക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയുടെ വിശുദ്ധിയും മഹത്ത്വവും കണക്കിലെടുക്കാതെ ഒറ്റപ്പെട്ട ഏതോ സംഭവത്തിന്‍റെ പേരില്‍ ക്രൈസ്തവസഭയെയും വിശുദ്ധ കൂദാശകളേയും അപഹസിക്കുന്ന ലേഖനം കൗമാര പ്രായക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത് സര്‍ക്കാരിന്‍റെ നയമാണോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണം പ്രചരിപ്പിക്കുന്ന "മതനിരാസങ്ങളുടെ പാഠങ്ങളെ"ക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കാനും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തയ്യാറാകണ മെന്ന് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാലു പതാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജോഷി വടക്കന്‍, ജോസ്ആന്‍റണി, സിബി വലിയമറ്റം, മാത്യു ജോസഫ് എം ആബേല്‍, ഡി.ആര്‍. ജോസ്, ഷാജി മാത്യു, ജെയിംസ് കോശി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org