ഇറ്റലിയിലെ പ്രാദേശികഭാഷയില്‍ വി.കുര്‍ബാനയര്‍പ്പിച്ചു

ഇറ്റലിയിലെ സാര്‍ദീനിയായിലെ പ്രാദേശികഭാഷയായ ലിംബോയില്‍ ആദ്യമായി വി. കുര്‍ബാനയര്‍പ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടിയായ ആര്‍ച്ചുബിഷപ് ജോവാന്നി ബെച്ചിയു ആണ് മുഖ്യകാര്‍മ്മികനായത്. സാര്‍ദീനിയന്‍ ദേശീയദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ബലിയര്‍പ്പണം. കൂദാശവചനങ്ങള്‍ ഒഴികെയുള്ള പ്രാര്‍ത്ഥനകളും വായനകളും ഗാനങ്ങളുമാണ് ലിംബോ ഭാഷയിലുണ്ടായിരുന്നത്. കൂദാശവചനം ഇറ്റാലിയന്‍ ഭാഷയില്‍ തന്നെയായിരുന്നു. ഇതിന്‍റെ പരിഭാഷയ്ക്ക് വത്തിക്കാന്‍ കൂദാശാകാര്യാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല.

ലാറ്റിന്‍ ഭാഷയിലുള്ള റോമന്‍ കുര്‍ബാനക്രമം പ്രാദേശികഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വത്തിക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇത് കൂടുതല്‍ പ്രാദേശികഭാഷാഭേദങ്ങളിലേയ്ക്കു വി. കുര്‍ബാന പരിഭാഷ ചെയ്യുന്നതിനു പ്രോത്സാഹനമാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ഇറ്റലിയുടെ ഏക ഔദ്യോഗികഭാഷ ഇറ്റാലിയനാണ്. ഡാന്‍റെയെ പോലുള്ള വിഖ്യാതസാഹിത്യകാരന്മാരുടെ രചനകള്‍ ഉണ്ടായിട്ടുള്ള ഫ്ളോറന്‍റൈന്‍ ഇറ്റാലിയനാണ് രാഷ്ട്രരൂപീകരണത്തിനു ശേഷം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. പക്ഷേ, വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശികഭാഷാഭേദങ്ങള്‍ ഇന്നും ഉപയോഗത്തിലുണ്ട്. പലതും ഇറ്റാലിയന്‍റെ ഭാഷാഭേദം എന്നതിനേക്കാള്‍ സ്വന്തമായ വ്യാകരണവും പദസമ്പത്തുമുള്ള വേറിട്ട ഭാഷകള്‍ തന്നെയാണ്. ഇറ്റലിയില്‍ ഇത്തരത്തിലുളള 32 ഭാഷകളില്‍ പ്രാധാന്യമുള്ള ഒന്നാണ് സാര്‍ദീനിയന്‍ ഭാഷയായ ലിംബോ.

സാര്‍ദീനിയന്‍ മെത്രാന്‍ സംഘമാണ് ഇറ്റാലിയന്‍ ഭാഷയിലുള്ള കുര്‍ബാനയ്ക്കു സാര്‍ദീനിയന്‍ പരിഭാഷ രൂപപ്പെടുത്തുന്നതിനു തീരുമാനമെടുത്തത്. വിശ്വാസബോധനവും പ്രാര്‍ത്ഥനകളും മാതൃഭാഷയിലാകുന്നത് നന്നാകുമെന്ന് മെത്രാന്മാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org