“രാഷ്ട്രീയ ലാഭത്തിനായി മതങ്ങളെ ചൂഷണം ചെയ്യരുത്”

“രാഷ്ട്രീയ ലാഭത്തിനായി മതങ്ങളെ ചൂഷണം ചെയ്യരുത്”

മതത്തിന്‍റെ പേരില്‍ രാജ്യസ്നേഹമുള്ളവരും രാജ്യസ്നേഹമില്ലാത്തവരുമെന്ന് ജനങ്ങളെ വിവേചിക്കരുതെന്നും മതത്തെ വൈകാരികമായി ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യരുതെന്നും ഗോവയിലെ പനാജിയില്‍ സമ്മേളിച്ച മതസൗഹാര്‍ദ്ദ സമ്മേളനം അഭ്യര്‍ത്ഥിച്ചു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രിസ്തുമതം, ഇസ്ലാംമതം, സിക്ക് മതം എന്നിങ്ങനെ പ്രധാനപ്പെട്ട ആറ് മതങ്ങളുടെ നേതാക്കള്‍ സംയുക്തമായാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്.

വ്യക്തിപരമായ തീരുമാനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിനോട് തങ്ങള്‍ വിയോജിക്കുന്നതായി മതനേതാക്കള്‍ പറഞ്ഞു. ഒരാളുടെ മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ദേശവിരുദ്ധന്‍, രാജ്യസ്നേഹമില്ലാത്തവന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുള്ള കത്തോലിക്കാ വൈദികര്‍ നേതൃത്വം നല്‍കിയ മതസൗഹാര്‍ദ സമ്മേളനം വ്യക്തമാക്കി.

ഏത് ഇന്ത്യാക്കാരനും തന്‍റേതായ തനിമയും വ്യക്തിത്വവുമുണ്ട്. എന്തു ഭക്ഷിക്കണം, ആരെ വിവാഹം ചെയ്യണം, ഏതു വിശ്വാസം സ്വീകരിക്കണം എന്നൊക്കെയുള്ള അവകാശവുമുണ്ട് – പ്രസ്താവനയില്‍ പറയുന്നു. ചിലയിടങ്ങളില്‍ ചില ഹിന്ദു വര്‍ഗീയ ഗ്രൂപ്പുകള്‍ മുസ്ലീം-ക്രിസ്ത്യന്‍-ദളിത് വിഭാഗങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലും അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിലുമാണ് മതനേതാക്കളുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ചില സംസ്ഥാനങ്ങളില്‍ മതത്തിന്‍റെ പേരില്‍ അസ്വസ്ഥതകള്‍ പുകയുന്ന സ്ഥിതിവിശേഷവുമുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പള്ളികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ 270 വര്‍ഗീയാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്ക്രിനാസ് പറഞ്ഞു. വിദ്വേഷ ശക്തികളെ അതിജീവിക്കുന്നതിനു വേണ്ടി ജനങ്ങളെ സഹായിക്കാനും സജ്ജരാക്കാനും സഭ മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org