മതപരിവര്‍ത്തനം ആരോപിച്ച് ആശുപത്രി പി.ആര്‍.ഒ. അറസ്റ്റില്‍

കര്‍ണാടകയിലെ മാണ്ഡ്യയില്‍ സാന്‍ജോ ഹോസ്പിറ്റലിലെ പിആര്‍ഒ സൈമണ്‍ ജോര്‍ജിനെ മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാലാണ് പിആര്‍ഒയെ അറസ്റ്റ് ചെയ്തതെന്നും ഇദ്ദേഹത്തിന് എന്തുകൊണ്ടാണ് ജാമ്യം നിഷേധിച്ചതെന്നും മനസ്സിലാകുന്നില്ലെന്നും ജാമ്യം നിഷേധിച്ചതിനുള്ള കാരണങ്ങള്‍ കോടതി വ്യക്തമാക്കിയിട്ടില്ലെന്നും ആശുപത്രിയുടെ നിയമ-ആത്മീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫാ. ജോസുകുട്ടി കാലായില്‍ പറഞ്ഞു.

മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് സഭയുടെ മേല്‍നോട്ടത്തിലുള്ള നൂറു ബെഡുകളുള്ള ഈ ആശുപത്രി മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്ന സ്ഥാപനമാണ്. ആശുപത്രിയില്‍ അഡ്മിറ്റായ പ്രായം ചെന്ന ഒരാളുടെ പരാതിയാണ് പിആര്‍ഒ യുടെ അറസ്റ്റിനു വഴിവച്ചത്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട പ്രസ്തുത രോഗിയുടെ മുറിയിലേക്ക് പതിവു സന്ദര്‍ശനത്തിനു കടന്നുചെന്ന സൈമണ്‍ ജോര്‍ജിന്‍റെ കയ്യില്‍ ഒരു ബൈബിള്‍ ഉണ്ടായിരുന്നു. അതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് ക്രിസ്ത്യാനികളുടെ വി. ഗ്രന്ഥമാന്നെന്നും താത്പര്യമുള്ളവര്‍ക്ക് വായിക്കാവുന്നതാണെന്നും പറഞ്ഞു. അതേത്തുടന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്‍റെ മകനെ രോഗി ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. മകനോടൊപ്പം ഇരുപതോളം പേരും ആശുപത്രിയില്‍ എത്തി. പി.ആര്‍.ഒ മതപരിവര്‍ത്തനം നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു. കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തുകയും പിആര്‍ഒ യെ ആക്രമിക്കുകയും ചെയ്തു. അക്രമകാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി സൈമണ്‍ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മത പരിവര്‍ത്തനകുറ്റം ആരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ ആക്രമണം കരുതി കൂട്ടിയായിരുന്നുവെന്ന് ഫാ. കാലായില്‍ ആരോപിച്ചു. അല്ലായിരുന്നുവെങ്കില്‍ ചുരുങ്ങിയ സമയം കൊണ്ട് എഴുപതോളം പേര്‍ ആശുപത്രി ആക്രമിക്കാന്‍ എത്തുകയില്ലായിരുന്നു. ആശുപത്രി അഡ്മിനിസ്ട്രേ റ്ററായ സി. നിര്‍മല ജോസിനെതിരെയും അക്രമികള്‍ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഫാ. കാലായില്‍ പറഞ്ഞു. സാന്‍ജോ ഹോസ്പിറ്റലില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് മാണ്ഡ്യരൂപത ബിഷപ് മാര്‍ സെബാസ്റ്റന്‍ എടയന്ത്രത്ത് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org