മതപീഡനമേറെയും കിഴക്കന്‍ രാജ്യങ്ങളില്‍

Published on

ലോകത്തില്‍ മതസ്വാതന്ത്ര്യലംഘനം നടക്കുന്നത് ഏറെയും മധ്യപൂര്‍വദേശത്തും ഏഷ്യയിലും ആഫ്രിക്കയിലുമാണെന്നു യുഎസ് മതസ്വാതന്ത്ര്യകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ ഉയ്ഗര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ പരമാര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ക്യൂബയുടെയും റഷ്യയുടെയും പേരുകള്‍ മാത്രമാണ് പാശ്ചാത്യലോകത്തില്‍ നിന്നു റിപ്പോര്‍ട്ടില്‍ ഇടം നേടിയിട്ടുള്ളത്. കൂടുതല്‍ മതമര്‍ദ്ദനം നടക്കുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട രാഷ്ട്രങ്ങളായി പതിനാറെണ്ണത്തിനെയാണു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മ്യാന്‍മര്‍, ചൈന, എറിട്രിയ, ഇറാന്‍, ഉത്തര കൊറിയ, പാക്കിസ്ഥാന്‍, സൗദി അറേബ്യ, സുഡാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, നൈജീരിയ, റഷ്യ, സിറിയ, ഉസ്ബെക്കിസ്ഥാന്‍, വിയറ്റ് നാം എന്നിവയാണ് ഈ രാജ്യങ്ങള്‍. ഇവ കൂടാതെ രണ്ടാം തലത്തിലുള്ള മതസ്വാതന്ത്ര്യലംഘനം നടക്കുന്ന 12 രാജ്യങ്ങളുടെ ഒരു പട്ടിക കൂടി റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ബെഹ്റിന്‍, ക്യൂബ, ഈജിപ്ത്, ഇന്‍ഡോനേഷ്യ, ഇറാഖ്, കസാക്കിസ്ഥാന്‍, ലാവോസ്, മലേഷ്യ, തുര്‍ക്കി എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.

ചൈനയിലെ 20 ലക്ഷം ഉയ്ഗര്‍ മുസ്ലീങ്ങളില്‍ ഏതാണ്ട് പത്തു ശതമാനം പേരെയും നിര്‍ബന്ധിത പുനഃവിദ്യാഭ്യാസ ക്യാമ്പുകളിലേയ്ക്ക് അയച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉയ്ഗര്‍ മുസ്ലീങ്ങളുടെ തടവിനു ഉത്തരവാദികളായ ചൈനീസ് അധികാരികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്നതാണ് യുഎസ് മതസ്വാതന്ത്ര്യകമ്മീഷന്‍റെ ആവശ്യം. മെത്രാന്‍ നിയമനത്തിനായി വത്തിക്കാന്‍ ചൈനയുമായി ഒരു ധാരണ രൂപീകരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അര വര്‍ഷത്തിനിടെ ചൈനയില്‍ രഹസ്യസഭയ്ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ് – റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org