മതസൗഹാര്‍ദ പതാകപ്രയാണം ഡല്‍ഹിയില്‍

മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടു. ഭാരതം എന്നും മതസൗഹാര്‍ദ്ദത്തിന്‍റെ മാതൃകാസ്ഥാനമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഏപ്രില്‍ 19 മുതല്‍ 21 വരെ ബംഗ്ളൂരില്‍ നടക്കുന്ന ലോക മതസൗഹാര്‍ദസമ്മേളനത്തിനു മുന്നോടിയായുള്ള ഹാര്‍മണി ഫ്ളാഗ് പ്രയാണം ഡല്‍ഹിയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ കേന്ദ്രമാക്കിയുള്ള ലോകമതാന്തര സംഘടനയായ വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്‍റര്‍ റിലീജിയസ് കൗണ്‍സിലും (ഡബ്ല്യൂ.എഫ്.ഐ.ആര്‍.സി.) ബംഗളൂരു ആസ്ഥാനമായുള്ള ധര്‍മ്മാരാം വിദ്യാക്ഷേത്രവും സംയുക്തമായാണ് മതസൗഹാര്‍ദ സമ്മേളനം സംഘടിപ്പിക്കുന്നത്. മട്ടാഞ്ചേരി ജെയിന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച പതാക പ്രയാണം കന്യാകുമാരി, തിരുനല്‍വേലി, മധുര, കൊടൈക്കനാല്‍, കോയമ്പത്തൂര്‍, ബംഗളൂരൂ, ഹൈദരാബാദ്, ജയ്പൂര്‍ വഴി സഞ്ചരിച്ചാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്ക് പോയ സംഘം ഋഷികേശ്, വാഗ അതിര്‍ത്തി, അമൃത്സര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ പ്രയാണം നടത്തി. ഡബ്ല്യൂ.എഫ്.ഐ.ആര്‍.സി. പ്രസിഡന്‍റ് സ്വാമി സദാശിവാനന്ദ (മധുര സ്വാമി വിവേകാനന്ദസേവാശ്രമം) ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടറും ഡബ്ല്യൂ.എഫ്.ഐ.ആര്‍.സി. സെക്രട്ടറി ജനറലുമായ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ., ഗവേണിംഗ് ബോഡി അംഗങ്ങളായ ജെബിന്‍ ജോസ്, സി.ജി. രാജഗോപാല്‍ എന്നി വരാണ് സംഘത്തിലുണ്ടായിരുന്നത്. ബംഗളൂരുവിലെ ധര്‍മ്മാരാം കോളജിലെ ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍ നഗറില്‍ ഏപ്രില്‍ 19ന് തുടങ്ങുന്ന പതിമൂന്നാമത് ലോകമതസൗഹാര്‍ദ സമ്മേളനത്തില്‍ 15 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മത-സാംസ്കാരിക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 300 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥയാത്രയും രാജ്യത്തിലെ വിവിധ പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥജലയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org