പ്രതിസന്ധികളുണ്ടാകുമ്പോള്‍ മാതാവിലേയ്ക്കു തിരിയുക

പ്രതിസന്ധികളുണ്ടാകുമ്പോള്‍ മാതാവിലേയ്ക്കു തിരിയുക

പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മെ വെല്ലുവിളിക്കുമ്പോള്‍ സഹായത്തിനായി മാതാവായ മറിയത്തിലേയ്ക്കു തിരിയണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ജീവിതത്തിന്‍റെ കെട്ടുപാടുകളില്‍ കുരുങ്ങുമ്പോള്‍ നമ്മുടെ ദൃഷ്ടികള്‍ മാതാവിലേയ്ക്ക് ഉയര്‍ത്താം. പക്ഷേ അതിനു മുമ്പ് മാതാവിന്‍റെ ദൃഷ്ടികള്‍ക്കു വിധേയരാകാന്‍ സ്വയം വിട്ടുകൊടുക്കുകയും വേണം. ഇരുട്ടു കനത്ത ഏതു മൂലയിലും പ്രകാശമെത്തിക്കാന്‍ കഴിയുന്നതാണ് മാതാവിന്‍റെ ദൃഷ്ടികള്‍. മാതൃനിര്‍വിശേഷമായ ആ നോട്ടം നമ്മില്‍ ആത്മവിശ്വാസം നിറയ്ക്കുകയും വിശ്വാസത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

പ. മറിയത്തിന്‍റെ ദൈവമാതൃത്വതിരുനാള്‍ ദിനത്തില്‍ സെ.പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ചു സുവിശേഷപ്രസംഗം നടത്തുകയായിരുന്നു മാര്‍പാപ്പ. മറിയം വിശ്വാസികളെ മക്കളായാണു പാപികളായല്ല കാണുക. നമ്മെ സഭയില്‍ വേരൂന്നി നില്‍ക്കാന്‍ സഹായിക്കുന്നതു മറിയമാണ്. പരസ്പരം കരുതലേകാന്‍ മാതാവു നമ്മെ പ്രോത്സാഹിപ്പിക്കുന്നു – മാര്‍പാപ്പ പറഞ്ഞു.

പ.അമ്മ മാത്രമല്ല, ലോകത്തിലെ എല്ലാ അമ്മമാരും പ്രധാനപ്പെട്ടവരാണെന്നു മാര്‍പാപ്പ വ്യക്തമാക്കി. കാരണം, മാനവകുടുംബം പടുത്തുയര്‍ത്തിയിരിക്കുന്നത് അമ്മമാരുടെ അടിസ്ഥാനത്തിലാണ്. അമ്മമാരുടെ ആര്‍ദ്രതയില്ലാത്ത ലോകം ദരിദ്രമായിരിക്കും. അനുകമ്പയിലെ കരുത്തും സൗമ്യതയിലെ ജ്ഞാനവുമാണ് വീരോചിതമായതെന്ന് അമ്മമാരില്‍ നിന്നു നാം പഠിക്കേണ്ടതുണ്ട്. ദൈവത്തിനു തന്നെ ഒരു അമ്മയെ ആവശ്യമായി വന്നു. അപ്പോള്‍ എത്രയധികമായി നമുക്കത് ആവശ്യമായിരിക്കുകയില്ല! – മാര്‍പാപ്പ വിവരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org