മതേതരത്വ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മതേതരത്വ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഭാരതത്തിന്‍റെ അടിസ്ഥാന പ്രമാണമായ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദിയോടനുബന്ധിച്ച് തൃശ്ശൂരില്‍ സംഘടിപ്പിച്ച സമുദായ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവികാരങ്ങള്‍ ഇളക്കിവിട്ട് സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. കാര്‍ഷിക രംഗത്തുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം, കുടിയേറ്റ കര്‍ഷകര്‍ക്കു പട്ടയം ലഭിക്കണം, വിളകള്‍ക്കു മതിയായ വില ലഭിക്കണം – കര്‍ദിനാള്‍ സൂചിപ്പിച്ചു. ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കത്തോലിക്കാ സഭ ജീവകാരുണ്യ പ്രവൃത്തികള്‍ നടത്തുന്നതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളില്‍ കത്തോലിക്കാ സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ മേഖലയില്‍ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ പിന്തുണയും പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കണം. നീതിക്കുവേണ്ടിയുള്ള സമരങ്ങളെ അടിച്ചമര്‍ത്താതെ നീതി ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം. സഭാ സമൂഹം എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായി മുന്നേറണമെന്നും മാര്‍ ആലഞ്ചേരി അനുസ്മരിപ്പിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷനായിരുന്നു. തൃശ്ശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നല്‍കി. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പിള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ഡെലിഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നല്‍കി. ശതാബ്ദി സ്മരണിക കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനു നല്‍കി പ്രകാശനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ റാഫി മഞ്ഞളി, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നൂറു ഭവനരഹിതര്‍ക്കുള്ള ഭൂദാന പദ്ധതിയുടെ സമര്‍പ്പണം ഡയറക്ടര്‍ ഫാ. ജിയോ കടവി നിര്‍വഹിച്ചു. 100 മിഷന്‍ കേന്ദ്രങ്ങളിലെ പ്രേഷിതപ്രവര്‍ത്തന പ്രഖ്യാപനം ഫാ. വര്‍ഗീസ് കുത്തൂര്‍ നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org