മെജുഗോറിയില്‍ മാര്‍പാപ്പ പ്രതിനിധിയെ നിയമിച്ചു

മെജുഗോറിയില്‍ മാര്‍പാപ്പ പ്രതിനിധിയെ നിയമിച്ചു

യൂറോപ്പിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ന്നിരിക്കുന്ന മെജുഗോറിയില്‍ ആര്‍ച്ചുബിഷപ് ഹെന്‍റിക് ഹോസറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. മെജുഗോറിയിലെ അജപാലന സാഹചര്യങ്ങളെ കുറിച്ചും അവിടെയെത്തുന്ന തീര്‍ത്ഥാടകരായ വിശ്വാസികളുടെ ആവശ്യങ്ങളെ കുറിച്ചും മനസ്സിലാക്കുകയാണ് പേപ്പല്‍ പ്രതിനിധിയു ടെ പ്രാഥമികമായ ഉത്തരവാദിത്വമെന്ന് വത്തിക്കാന്‍ അറിയിച്ചു. പേപ്പല്‍ പ്രതിനിധിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഭാവിയിലേയ്ക്കാവശ്യമായ അജപാലനസംരംഭങ്ങള്‍ അവിടെ സജ്ജമാക്കാനാണ് സഭ ഉദ്ദേശിക്കുന്നത്.
ബോസ്നിയ-ഹെര്‍ഗോവിനയിലെ മെജുഗോറി പ.മാതാവിന്‍റെ പ്രത്യക്ഷങ്ങളുണ്ടായെന്നു വിശ്വസിക്കപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്. ഈ വാര്‍ത്തകളെ തുടര്‍ന്ന് ലക്ഷകണക്കിനാളുകളാണ് മെജുഗോറിയിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഇപ്രകാരം ഇതൊരു വന്‍ തീര്‍ത്ഥാടനകേന്ദ്രമായി മാറി. എന്നാല്‍, അത്ഭുതകരമായ ദര്‍ശനങ്ങള്‍ മെജുഗോറിയിലുണ്ടായിട്ടുണ്ടെന്ന് സഭാനേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. മെജുഗോറിയിലെ തീര്‍ത്ഥാടനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നു കരുതുന്നവരും ബോസ്നിയന്‍ സഭാനേതൃത്വത്തിലുണ്ട്. ദര്‍ശനത്തെക്കുറിച്ചു സഭ അന്വേഷണങ്ങളാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ദര്‍ശനങ്ങളുടെ ആധികാരികത അന്വേഷിക്കലല്ല പുതിയ പേപ്പല്‍ പ്രതിനിധിയുടെ ദൗത്യം. പ. മാതാവിന്‍റെ ദര്‍ശനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ സഭയുടെ പ്രബോധനത്തിനു നിരക്കുന്നതാണോ എന്ന് അന്തിമമായി തീര്‍പ്പു കല്‍പിക്കേണ്ടത് വത്തിക്കാന്‍ വിശ്വാസകാര്യാലയമാണ്. ഇവിടെ വന്നു കൂടുന്ന തീര്‍ത്ഥാടക ലക്ഷങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി എന്തു ചെയ്യണമെന്ന അന്വേഷണം മാത്രമാണ് പുതിയ പേപ്പല്‍ പ്രതിനിധിയുടെ ലക്ഷ്യം. അതിനാല്‍ അദ്ദേഹത്തിന്‍റെ ദൗത്യം തിക ച്ചും അജപാലനപരമാണെന്നു പറയാം – വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org