കാരുണ്യവധത്തിനെതിരെ ക്രിസ്ത്യന്‍, യഹൂദ, ഇസ്ലാം മതങ്ങളുടെ സംയുക്ത പ്രഖ്യാപനം

കാരുണ്യവധത്തിനെതിരെ ക്രിസ്ത്യന്‍, യഹൂദ, ഇസ്ലാം മതങ്ങളുടെ സംയുക്ത പ്രഖ്യാപനം

കാരുണ്യവധത്തോടും വൈദ്യസഹായത്തോടെയുള്ള ഏതു തരം സ്വയംഹത്യകളോടുമുള്ള പൂര്‍ണമായ എതിര്‍പ്പു വ്യക്തമാക്കുന്ന ഒരു സംയുക്ത പ്രഖ്യാപനത്തില്‍ ക്രിസ്ത്യന്‍, ഇസ്ലാം, യഹൂദ മതപ്രതിനിധികള്‍ ഒപ്പു വച്ചു. ജീവിതാന്ത്യത്തില്‍ എത്തിയവര്‍ക്ക് മതിയായ സാന്ത്വനചികിത്സ നല്‍കുന്നതിനോട് അവര്‍ പിന്തുണ പ്രഖ്യാപിച്ചു. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ ആണ് കത്തോലിക്കാസഭയ്ക്കു വേണ്ടി ഈ 'നിലപാടു പത്രികയില്‍' ഒപ്പുവച്ചത്. അതിനു ശേഷം മൂന്നു മതനേതാക്കളും കൂടി രേഖ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു സമ്മാനിക്കുകയും ചെയ്തു.

ജീവന്‍ അവസാനിപ്പിക്കാന്‍ ബോധപൂര്‍വം സഹായിക്കുന്ന ഏതു നടപടിയും മനുഷ്യജീവന്‍റെ അനന്യമായ മൂല്യത്തിനു വിരുദ്ധമാണെന്നു പ്രഖ്യാപനത്തില്‍ മതനേതാക്കള്‍ വ്യക്തമാക്കി. ധാര്‍മ്മികമായും മതപരമായും ഇതു തെറ്റാണ്. യാതൊരു ഒഴികഴിവുകളുമില്ലാതെ നിരോധിക്കപ്പെടേണ്ടതാണ് ഇത്. ഏതെങ്കിലും വിധത്തിലുള്ള കാരുണ്യവധത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കെടുക്കാനായി ആരോഗ്യപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നതോ നിര്‍ബന്ധിക്കുന്നതോ അവരുടെ അവകാശങ്ങളുടെ ലംഘനമാണ്. വിശേഷിച്ചും അവരുടെ മതവിശ്വാസം അവരെ അതില്‍നിന്നു വിലക്കുമ്പോള്‍. പ്രദേശത്തെ നിയമസംവിധാനത്തിന് കാരുണ്യവധം സ്വീകാര്യമാണെങ്കില്‍ കൂടിയും ജീവനും മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതു മനസാക്ഷിസ്വാതന്ത്ര്യത്തിനു വിടേണ്ടതാണ്. സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണിത് – രേഖ വിശദീകരിക്കുന്നു. രോഗസൗഖ്യത്തിനും പരിചരണത്തിനും പരമാവധി ശ്രമിക്കുക എന്നതാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമെന്നു രേഖയില്‍ മതനേതാക്കള്‍ വ്യക്തമാക്കി.

ഇസ്രായേലില്‍ നിന്നുള്ള ഒരു യഹൂദ റബ്ബിയാണ് ഇത്തരമൊരു സംയുക്ത രേഖ പുറപ്പെടുവിക്കണമെന്ന ആശയം മുന്നോട്ടു വച്ചത്. വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നതും സങ്കീര്‍ണവുമായ ഒരു വിഷയമാണ് മരണാസന്നരുടെ ചികിത്സയെന്നു രേഖ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിന്‍റെ മതപരവും ധാര്‍മ്മികവും സാമൂഹ്യവും നിയമപരവുമായ വശങ്ങള്‍ മൂന്നു മതങ്ങളും കൂടി സംയുക്തമായി പരിശോധിച്ചത്. മൂന്നു മതങ്ങള്‍ക്കും ഈ വിഷയത്തില്‍ ഒരേ നിലപാടാണ് ഉള്ളതെന്നു പ്രതിനിധികള്‍ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org