ദയാവധം ആകാമെന്ന നിര്‍ദ്ദേശം സ്വീകാര്യമല്ല സി ബി സി ഐ

ദയാവധം ആകാമെന്ന നിര്‍ദ്ദേശം സ്വീകാര്യമല്ല സി ബി സി ഐ

ദയാവധം നിയമവിധേയമാക്കാമെന്ന സുപ്രീം കോടതിയുടെ വിധി ഉള്‍ക്കൊള്ളാനാവില്ലെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി. ഏതു തരത്തിലുള്ള ദയാവധവും സഭ അംഗീകരിക്കുന്നില്ലെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സഭയ്ക്കു സ്വീകാര്യമല്ലെന്നും സിബിസിഐയുടെ സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. ഉദരത്തിലെ ഭ്രൂണം മുതല്‍ മരണാസന്നനായ വ്യക്തിവരെ ആരെയും വധിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നാണ് സഭയുടെ കാഴ്ചപ്പാടും വിശ്വാസവും. ഭാരതത്തില്‍ ജീവന്‍ ഏറെ പവിത്രവും മൂല്യവത്തുമായാണു കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

പരോക്ഷ ദയാവധത്തിനു അനുവാദം നല്കുന്ന സുപ്രീംകോടതിവിധി ആത്മഹത്യയ്ക്ക് സഹായം ചെയ്യുന്നതിന് തുല്യമാണെന്ന് കെസിബിസി പ്രൊ- ലൈഫ് സമിതി വിലയിരുത്തി. ദയാവധം നിയമമാക്കുമ്പോള്‍ പതിയിരിക്കുന്ന വലിയ അപകടം അതിന്‍റെ ധാരാളമായ ദുരുപയോഗവും ധാര്‍മ്മികച്യുതിയും ആയിരിക്കും. കാരുണ്യവധം നടത്താനുളള നിയമാനുവാദം നല്‍കുന്നതുവഴി അതൊരു ധാര്‍മ്മിക പ്രശ്നമായി കാണേണ്ടതില്ലായെന്ന സന്ദേശമാണ് നല്കുന്നതെന്ന് കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ഫാ. പോള്‍ മാടശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രൊ-ലൈഫ് സമിതിയോഗം അഭിപ്രായപ്പെട്ടു. ഒരു വ്യക്തി തന്‍റെ സ്വതന്ത്രമായ തീരുമാനപ്രകാരം രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അതിന് വിരാമമിടാന്‍ ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ദയാവധം നിയമമാക്കുന്നതിലെ സങ്കീര്‍ണ്ണത വളരെ വലുതാണെന്നും പ്രൊ-ലൈഫ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org