സന്ദേശങ്ങള്‍ക്കായി മൊബൈല്‍ ഫോണിലെന്ന പോലെ ഇടയ്ക്കിടെ ബൈബിളിലും നോക്കുക – ഫ്രാന്‍സിസ് മാര്‍പാപ്പ

സന്ദേശങ്ങള്‍ക്കായി മൊബൈല്‍ ഫോണിലെന്ന പോലെ ഇടയ്ക്കിടെ ബൈബിളിലും നോക്കുക – ഫ്രാന്‍സിസ് മാര്‍പാപ്പ

സന്ദേശങ്ങള്‍ക്കായി മൊബൈല്‍ ഫോണുകളില്‍ നോക്കുന്ന പോലെ കൂടെക്കൂടെ ബൈബിളിലും നോക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. അനുദിന ജീവിതത്തില്‍ സെല്‍ഫോണുകള്‍ക്കുള്ള അതേ സ്ഥാനം ബൈബിളിനും നല്‍കുക. ബൈബിളില്‍ ദൈവവചനമാണുള്ളത്. തിന്മയ്ക്കെതിരെ പോരാടുന്നതിനും ദൈവത്തോട് അടുപ്പം സൂക്ഷിക്കുന്നതിനും നമുക്കുള്ള ഏറ്റവും കാര്യക്ഷമമായ ഉപാധിയാണത് – മാര്‍പാപ്പ വിശദീകരിച്ചു. ബൈബിളും ഫോണും താരതമ്യപ്പെടുത്തുന്നതു വൈരുദ്ധ്യമാണെങ്കിലും ചിന്തിപ്പിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നു പാപ്പ വ്യക്തമാക്കി.
ദൈവത്തിന്‍റെ വചനം നാം സദാ നമ്മുടെ ഹൃദയങ്ങളില്‍ വഹിച്ചാല്‍ യാതൊരു പ്രലോഭനങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുകയില്ലെന്നു മാര്‍പാപ്പ പറഞ്ഞു. നന്മയിലേയ്ക്കുള്ള പാതയില്‍ മറ്റു യാതൊരു തടസ്സങ്ങളും നമുക്കുണ്ടാകുകയില്ല. അനുസരണത്തിന്‍റെയും വിനയത്തിന്‍റെയും പാതയില്‍ നിന്ന് യേശുവിനെ വ്യതിചലിപ്പിക്കാനാണ് സാത്താന്‍ ആഗ്രഹിച്ചത്. മഹത്വത്തിലേയ്ക്കും വിജയത്തിലേയ്ക്കുമുള്ള തെറ്റായ കുറുക്കുവഴികള്‍ സ്വീകരിക്കാന്‍ സാത്താന്‍ അവനെ പ്രേരിപ്പിച്ചു. പക്ഷേ സാത്താന്‍റെ ഈ വിഷാസ്ത്രങ്ങളെയെല്ലാം യേശു തടഞ്ഞത് ദൈവവചനമാകുന്ന പരിച കൊണ്ടാണ്. യേശു തന്‍റെ സ്വന്തമായ വാക്കുകളല്ല സാത്താനെതിരെ പ്രയോഗിച്ചത്. മറിച്ചു, ദൈവത്തിന്‍റെ വാക്കുകള്‍ മാത്രമാണ്. അപ്രകാരം പരിശുദ്ധാത്മാവിന്‍റെ ശക്തി കൊണ്ടു നിറഞ്ഞ് അവന്‍ മരുഭൂമിയിലെ കുരിശുകളെ അതിജീവിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.
നോമ്പിന്‍റെ ദിവസങ്ങളില്‍ യേശുവിന്‍റെ പാദമുദ്രകള്‍ പിന്തുടരുകയും ദൈവവചനം കൊണ്ടു ശക്തിയാര്‍ജിച്ച് തിന്മയ്ക്കെതിരായ ആത്മീയപോരാട്ടം നടത്തുകയും ചെയ്യാന്‍ ക്രൈസ്തവരെയെല്ലാം മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതിനു ബൈബിള്‍ പരിചയിക്കുക അത്യാവശ്യമാണ്. കൂടെക്കൂടെ അതു വായിക്കുക, വിചിന്തനം ചെയ്യുക, സ്വാംശീകരിക്കുക. ഏറ്റവും കാര്യക്ഷമമായ ദൈവവചനമാണു ബൈബിളിലുള്ളത് -മാര്‍പാപ്പ പറഞ്ഞു. പോക്കറ്റ് വലിപ്പമുള്ള ബൈബിള്‍ കൈയില്‍ കരുതാന്‍ മാര്‍പാപ്പ ക്രൈസ്തവരെ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org