മെസ്സിക്ക് കത്തോലിക്കാ വിവാഹം  നിഷേധിച്ചിട്ടില്ലെന്ന് രൂപതാധികൃതര്‍

മെസ്സിക്ക് കത്തോലിക്കാ വിവാഹം നിഷേധിച്ചിട്ടില്ലെന്ന് രൂപതാധികൃതര്‍

പ്രസിദ്ധ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിക്ക് കത്തോലിക്കാചാരപ്രകാരമുള്ള കൗദാശിക വിവാഹം നിഷേധിച്ചിട്ടില്ലെന്ന് അര്‍ജന്‍റീനയിലെ റൊസാരിയോ അതിരൂപതയുടെ വക്താവ് അറിയിച്ചു. വിവാഹാഘോഷം നടന്ന കാസിനോയില്‍ താത്കാലിക ചാപ്പല്‍ നിര്‍മ്മിച്ച് അതില്‍ വിവാഹം നടത്തണമെന്ന ആവശ്യമാണ് ആര്‍ച്ചുബിഷപ് എഡ്വേര്‍ഡോ എലിസ്യോ നിരാകരിച്ചത്. കാസിനോയില്‍ ചാപ്പല്‍ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ വച്ചു വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതനെ തേടുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ആര്‍ച്ചുബിഷപ് വൈദികരെ ഇതില്‍ നിന്നു വിലക്കുകയായിരുന്നു. താത്കാലിക ചാപ്പലില്‍ വിവാഹം നടത്തുന്നത് സഭാനിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് അതിരൂപതാ വക്താവ് വിശദീകരിച്ചു. സുരക്ഷാകാരണങ്ങളാല്‍ വീട്ടില്‍ വച്ചു വിവാഹം നടത്തുവാന്‍ അനുമതി ചോദിച്ചിരുന്നുവെങ്കിലും നല്‍കുമായിരുന്നു. എന്നാല്‍ ഒരു കാസിനോയില്‍ കുദാശ നല്‍കുന്നത് അനുവദിക്കാനാകില്ല. മെസ്സിക്ക് സഭ കൗദാശികമായ വിവാഹം നിഷേധിച്ചുവെന്ന വിവാദം സജീവമായ സാഹചര്യത്തിലാണ് അതിരൂപതയുടെ വിശദീകരണം.

2008 മുതല്‍ ഒരുമിച്ചു ജീവിക്കുന്ന ആന്‍റെണില്ലായെ ആണ് മെസ്സി സിവില്‍ നിയമപ്രകാരം വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. അംഗീകൃതമായ സ്ഥലത്തു വച്ച് സഭാപരമായി വിവാഹം കഴിക്കണമെന്ന ആവശ്യം മെസ്സി ഉന്നയിച്ചിട്ടില്ല. അങ്ങനെയൊരാവശ്യം ഇനി ഉണ്ടായാലും അതംഗീകരിക്കാന്‍ സഭയ്ക്കു സന്തോഷമേയുള്ളൂവെന്നും അതിരൂപതാ വക്താവ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org