അഞ്ചര ലക്ഷം പേരില്‍ നിന്നു പതിനൊന്നുകാരി മെറ്റില്‍ഡ ജോണ്‍സണ്‍ ലോഗോസ് പ്രതിഭ

അഞ്ചര ലക്ഷം പേരില്‍ നിന്നു പതിനൊന്നുകാരി മെറ്റില്‍ഡ ജോണ്‍സണ്‍ ലോഗോസ് പ്രതിഭ

കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്നാമതെത്തി ഇരിങ്ങാലക്കുട രൂപതയിലെ മെറ്റില്‍ഡ ജോണ്‍സണ്‍ 2019-ലെ ലോഗോസ് പ്രതിഭയായി. ഏറ്റവും ജൂനിയര്‍ ഗ്രൂപ്പില്‍നിന്നുള്ള പതിനൊന്നു വയസ്സുകാരിയായ മെറ്റില്‍ഡ അഞ്ചര ലക്ഷം പേരില്‍ നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. 2000-ല്‍ ആരംഭിച്ച ലോഗോസ് ക്വിസിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയാണ് മെറ്റില്‍ഡ. ബധിരര്‍ക്കായുള്ള ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനത്തിന് തലശ്ശേരിയില്‍ നിന്നുള്ള നിമ്മി ഏലിയാസ് അര്‍ഹയായി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ കേരളത്തില്‍നിന്നും കേരളത്തിനുപുറത്തുനിന്നുമുള്ള 39 രൂപതകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയില്‍ നവംബര്‍ 24 നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. നവംബര്‍ 23 ന് ആറു ഗ്രൂപ്പുകളുടെ ഫൈനല്‍ മത്സരങ്ങളും നടന്നു. എ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് മെറ്റില്‍ഡ ജോണ്‍സണ്‍. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: ബി – അലീന സോജന്‍ (തൃശൂര്‍), സി – അതുല്യ സെബാസ്റ്റ്യന്‍ (താമരശ്ശേരി), ഡീ – നിമ ലിന്‍റോ (മാണ്ഡ്യ), ഇ – ആനി ജോര്‍ജ് (തൃശൂര്‍), എഫ്- ഏലിക്കുട്ടി തോമസ് (കോതമംഗലം). കേരളത്തിനു പുറത്തുനിന്ന് ഒന്നാംസ്ഥാനത്തെത്തിയത് മാണ്ഡ്യ രൂപതയിലെ നിമ ലിന്‍റോയാണ്. കെസിബിസി ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്കാരത്തിന് റവ. ഫാ. ഷാജി തുമ്പേച്ചിറയിലും അര്‍ഹനായി.

സമാപന സമ്മേളനത്തില്‍ കെസിബിസി ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് മോസ്റ്റ് റവ. ഡോ. അബ്രാഹം മാര്‍ യൂലിയോസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനവഹൃദയങ്ങളെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവവചനം അനേകരില്‍ എത്തിക്കാന്‍ ലോഗോസ് ബൈബിള്‍ ക്വിസിന് സാധിക്കുന്നുവെന്നും ബധിരര്‍ക്കായി സംഘടിപ്പിക്കപ്പെട്ട ബൈബിള്‍ ടിവി ക്വിസിലൂടെ ഏവരും ദൈവത്തിനു പ്രിയപ്പെട്ടവരാണെന്ന സന്ദേശം ഉച്ചത്തില്‍ പ്രഘോഷിക്കാനും സാധിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.റ്റി, വൈസ് ചെയര്‍മാന്‍ ജിസ്മോന്‍ തുടിയന്‍പ്ലാക്കല്‍, ജോയിന്‍റ് സെക്രട്ടറി കൊച്ചുത്രേസ്യ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഗോസ് പ്രതിഭയ്ക്ക് തൊടുപുഴ കണ്ടിരിക്കല്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന വിശുദ്ധനാടു സന്ദര്‍ശനവും 25000 രൂപയുടെ പാലയ്ക്കല്‍ തോമ്മാ മല്പാന്‍ ക്യാഷ് അവാര്‍ഡുമാണ് സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org