തീര്‍ത്ഥാടകരില്‍ അത്ഭുതാദരങ്ങളുണര്‍ത്തി 94 കാരിയുടെ പദയാത്രകള്‍

തീര്‍ത്ഥാടകരില്‍ അത്ഭുതാദരങ്ങളുണര്‍ത്തി 94 കാരിയുടെ പദയാത്രകള്‍

മെക്സിക്കോയില്‍ ഗ്വദലൂപ് മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തിലേയ്ക്കെത്താന്‍ 94 കാരിയായ എമ്മ മൊറോസിനി നടന്നു തീര്‍ത്തത് 570 മൈലുകള്‍. ദേവാലയത്തിലെത്തി സാഷ്ടാംഗം പ്രണമിച്ചു മണ്ണില്‍ ചുംബിച്ചു കുരിശു വരച്ച് എണീറ്റ എമ്മയെ കാത്തിരുന്നത് അവിടെ വന്നു ചേര്‍ന്നിരുന്ന അനേകം തീര്‍ത്ഥാടകരുടെ അത്ഭുതവും ആദരവും കലര്‍ന്ന സ്വീകരണം. മെക്സിക്കോയുടെ വടക്കുകിഴക്കന്‍ നഗരമായ മോണ്ടെറിയില്‍ നിന്നു 40 ദിവസം കൊണ്ടാണു കാല്‍നടയായി എമ്മ, ഗ്വദലൂപ് മാതാവിന്‍റെ പള്ളിയിലെത്തിയത്.

ഇറ്റലിക്കാരിയായ എമ്മയ്ക്ക് ഇത്തരം തീര്‍ത്ഥാടനങ്ങള്‍ തന്നെയാണ് ജീവിതം. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഒട്ടേറെ ലോകരാജ്യങ്ങളില്‍ അവര്‍ ഇപ്രകാരം തീര്‍ത്ഥാടനങ്ങള്‍ നടത്തിയിട്ടുണ്ട്. പോര്‍ട്ടുഗല്‍, സ്പെയിന്‍, പോളണ്ട്, ഇസ്രായേല്‍, ബ്രസീല്‍, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന തീര്‍ത്ഥകേന്ദ്രങ്ങളിലെല്ലാം എത്തിച്ചേര്‍ന്ന എമ്മയുടെ പ്രാര്‍ത്ഥനകള്‍ ലോകസമാധാനത്തിനും യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാണ്. പിരിഞ്ഞു കഴിയുന്ന ദമ്പതിമാരും മക്കളില്ലാത്ത ദമ്പതിമാരുമാണ് തന്‍റെ വേദനയെന്ന് അവര്‍ പറയുന്നു.

രാവിലെ ആറരയ്ക്ക് അവര്‍ നടപ്പു തുടങ്ങും. ചെറിയൊരു സ്യൂട്ട്കേസും കുടയും സുരക്ഷ ഉദ്ദേശിച്ചു റിഫ് ളക്ടര്‍ പിടിപ്പിച്ച വസ്ത്രവുമുണ്ടായിരിക്കും. പാലും പഴച്ചാറുകളും ബ്രഡും വെള്ളവും കൂടെ കരുതും. മെക്സിക്കോയിലെ നീണ്ട പദയാത്രയില്‍ മിക്കപ്പോഴും മെക്സിക്കന്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എമ്മയ്ക്ക് അകമ്പടിയായി ഉണ്ടായിരുന്നു. പോകുന്ന വഴിക്കുള്ള സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ താമസസൗകര്യവും നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org