കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ അമേരിക്കന്‍ സഭയുടെ കടുത്ത പ്രതിഷേധം

കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ അമേരിക്കന്‍ സഭയുടെ കടുത്ത പ്രതിഷേധം

നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേയ്ക്കു കുടിയേറിയവര്‍ക്കെതിരെ ട്രംപ് ഭരണകൂടം പിന്തുടരുന്ന കര്‍ക്കശ നടപടികളില്‍ അമേരിക്കയിലെ കത്തോലിക്കാസഭ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. കുടിയേറ്റക്കാരായ കുടുംബങ്ങളിലെ കുട്ടികളേയും മുതിര്‍ന്നവരേയും വേര്‍പെടുത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍ ആവശ്യപ്പെട്ടു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നു ദാരിദ്ര്യം മൂലം കുടിയേറുന്നവരാണ് ഇവരിലേറെയും.

അമേരിക്ക-മെക്സിക്കോ അതിര്‍ത്തി പ്രദേശത്തുള്ള അമേരിക്കയിലെയും മെക്സിക്കോയിലെയും കത്തോലിക്കാ രൂപതകളുടെ മെത്രാന്മാര്‍ ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. മെക്സിക്കോയുടെ അതിര്‍ത്തി കടന്നാണ് കുടിയേറ്റക്കാര്‍ എത്തുന്നത്. ഇവരെ പിടികൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജയില്‍ സമാനമായ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയാണ് അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ആദ്യനടപടി. ഈ ഘട്ടത്തിലാണ് കുട്ടികളും മാതാപിതാക്കളും വേര്‍പിരിയേണ്ടി വരുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ നേരില്‍ കാണേണ്ടി വരുന്നവരാണ് ഈ പ്രദേശത്തെ മെത്രാന്മാര്‍. കുടിയേറ്റക്കാര്‍ക്ക് സഭ വിവിധ സേവനങ്ങള്‍ എത്തിക്കുന്നുണ്ട്.

അഭയാര്‍ത്ഥികളായ കുഞ്ഞുങ്ങള്‍ അവരുടെ മാതാപിതാക്കളുടെ സ്വന്തമാണെന്നും സര്‍ക്കാരിനോ മറ്റു സ്ഥാപനങ്ങള്‍ക്കോ ആ കുഞ്ഞുങ്ങളുടെ മേല്‍ അവകാശമില്ലെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കളില്‍ നിന്നു മോചിപ്പിക്കുന്നത് ഗുരുതരമായ തിന്മയാണ്. അവരുടെ ജീവിതം ഇപ്പോള്‍ തന്നെ അങ്ങേയറ്റം ദുരിതത്തിലാണ്. അവരെ കുറ്റവാളികളായി കണ്ടുകൊണ്ടു നമ്മുടെ രാജ്യം അവരെ കൂടുതല്‍ പീഢിപ്പിക്കുന്നതെന്തിന്? – അമേരിക്കന്‍ ആര്‍ച്ചുബിഷപ് ഗുസ്താവോ സില്ലര്‍ ചോദിക്കുന്നു. കുട്ടികളെ തങ്ങളില്‍ നിന്നു വേര്‍പെടുത്തരുതെന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍ കുടിയേറ്റം ഒഴിവാക്കുകയാണു വേണ്ടതെന്ന് ട്രംപ് ഭരണകൂടം പറയുന്നു. ഈ നിലപാടിനെ സഭ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രമെന്ന നിലയില്‍ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നു വേര്‍പെടുത്തി വേറെ കേന്ദ്രങ്ങളിലാക്കുന്നത് ക്രൂരമായ നടപടിയാണെന്നു ടെക്സാസിലെ ബിഷപ് ഡാനിയല്‍ ഫ്ളോറെസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org