മെക്സിക്കോയെ മാതാവിന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിക്കണമെന്ന് കാര്‍ഡിനല്‍

അക്രമങ്ങളും അഴിമതിയും ദാരിദ്ര്യവും മൂലം പൊറുതിമുട്ടുന്ന മെക്സിക്കോയെ മാതാവിന്‍റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കണമെന്ന് കാര്‍ഡിനല്‍ ജുവാന്‍ സാന്‍ഡോവല്‍ ഇനിഗെസ് ആവശ്യപ്പെട്ടു. ഫാത്തിമായില്‍ മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ട മെയ് 13-നു ഈ സമര്‍പ്പണം നടത്തണമെന്നാണ് മെക്സിക്കന്‍ മെത്രാന്മാരോട് കാര്‍ഡിനല്‍ നിര്‍ദേശിക്കുന്നത്. റഷ്യയെ തന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഫാത്തിമായില്‍ താന്‍ ദര്‍ശനം നല്‍കിയ ഇടയബാലകരോടു മാതാവ് ആവശ്യപ്പെട്ടിരുന്നതായി കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു. 1984-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സമര്‍പ്പണം നടത്തുകയും 1989-ല്‍ രക്തച്ചൊരിച്ചില്‍ കൂടാതെ ബെര്‍ലിന്‍ മതില്‍ തകരുകയും യൂറോപ്പിനെ വിഭജിച്ചിരുന്ന ഉരുക്കുമറ ഇല്ലാതാകുകയും ചെയ്തു. 1991 ഡിസംബര്‍ 8-ന് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ സോവ്യറ്റ് യൂണിയന്‍ ഇല്ലാതായി. പ്രാര്‍ത്ഥനയാണു പരിവര്‍ത്തനത്തിനുള്ള വഴിയെന്നു പ. മാതാവ് അതുവഴി കാണിച്ചു തന്നു – കാര്‍ഡിനല്‍ പറഞ്ഞു. മരിയന്‍ തീര്‍ത്ഥകേന്ദ്രമായ ഗ്വദലജാറ ഉള്‍പ്പെടുന്ന അതിരൂപതയുടെ അജപാലനചുമതലയില്‍ നിന്നു വിരമിച്ചയാളാണ് കാര്‍ഡിനല്‍ ഇനിഗെസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org