ലോകത്തിന്‍റെ വെളിച്ചത്തിനായി വൈദികരുടെ മെഴുകുതിരിപ്പാട്ട്

ലോകത്തിന്‍റെ വെളിച്ചത്തിനായി വൈദികരുടെ മെഴുകുതിരിപ്പാട്ട്

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ ആകുലതകള്‍ അകലാന്‍ വ്യത്യസ്തമായ പ്രാര്‍ത്ഥനാ ഗാനവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍. 'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ…' എന്ന പ്രസിദ്ധമായ ഗാനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന അതിരൂപതയിലെ 25 ഓളം വൈദികരാണു മെഴുകുതിരി വെട്ടത്തിന്‍റെ അകമ്പടിയോടെ ആലപിച്ചിരിക്കുന്നത്.

യുപിയിലെ അലഹാബാദില്‍ നിന്നു ഫാ. ലിന്‍റോ കാട്ടുപറമ്പിലാണ് ആദ്യവരികള്‍ പാടിയിരിക്കുന്നത്. ശേഷം അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്യുന്ന വൈദികരും ഓരോ വരികള്‍ വീതം പാടി മെഴുകുതിരിപ്പാട്ട് പൂര്‍ണമാക്കുന്നു. ഇറ്റലിയിലും യുഎസിലും നിന്നുള്ള പാട്ടുവരികള്‍ ഇതിലുണ്ട്. 'ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ' എന്ന ശ്രദ്ധേയ ഗാനത്തിന്‍റെ ആദ്യവരിയുമായി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയിലും മെഴുകുതിരിപ്പാട്ടിനൊടുവിലുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ പില്‍ഗ്രിംസ് കമ്യൂണിക്കേഷനും ട്വല്‍വ് ബാന്‍ഡും ചേര്‍ന്നാണു മെഴുകുതിരിപ്പാട്ട് ഒരുക്കിയിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം രാജ്യം ഐക്യദീപം തെളിയിച്ച ഏപ്രില്‍ 5 രാത്രി ഒമ്പതിനാണു മെഴുകുതിരിപ്പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്തത്. ഫാ. ജേക്കബ് കോറോത്ത്, ഫാ. ജെയിംസ് തൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org