കരുണാലയത്തിനു എം ജി ടി ഫൗണ്ടേഷന്‍ പുരസ്കാരം

കരുണാലയത്തിനു എം ജി ടി ഫൗണ്ടേഷന്‍ പുരസ്കാരം

കൊച്ചി: അപരന്‍റെ ആവശ്യങ്ങളെ കരുണാര്‍ദ്രമായ മനസ്സോടെ സമീപിക്കുന്നവര്‍ക്കാണു ജീവിതത്തില്‍ യഥാര്‍ഥ സംതൃപ്തി അറിയാനും അനുഭവിക്കാനുമാവുകയെന്നു ബിഷപ് മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. കൊച്ചി എംജിടി ഫൗണ്ടേഷന്‍റെ പ്രഥമ ജീവന്‍രക്ഷാ സാമൂഹ്യരത്ന പുരസ്കാരം കാക്കനാട് കരുണാലയത്തിനു സമര്‍പ്പിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സമൂഹം കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ട കാലഘട്ടമാണിത്. നിരാലംബരെ സ്നേഹപൂര്‍വം സംരക്ഷിക്കുന്നവര്‍ സമൂഹത്തിന്‍റെ നന്മയുടെ മുഖങ്ങളാണ്. പ്രളയകാലത്തു കേരളം പ്രകടിപ്പിച്ച അസാധാരണമായ കൂട്ടായ്മയും സൗഹാര്‍ദവും എക്കാലവും തുടരണമെന്നും മാര്‍ ചക്യത്ത് ഓര്‍മിപ്പിച്ചു.

ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ബിഷപ് മാര്‍ തോമസ് ചക്യത്തില്‍ നിന്നു കരുണാലയം ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍ പോള്‍ ഏറ്റുവാങ്ങി. കരുണാലയത്തില്‍ നടന്ന ചടങ്ങില്‍ എംഎസ്ജെ കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോജര്‍ അധ്യക്ഷത വഹിച്ചു. എംജിടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് ജോസഫ്, ട്രീസ ജോസഫ്, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്‍റേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, മുതിര്‍ന്ന അഭിഭാഷകന്‍ എം.ആര്‍. രാജേന്ദ്രന്‍നായര്‍, എസ്ഡി കോണ്‍ഗ്രിഗേഷന്‍ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വന്ദന, അവാര്‍ഡ് ജൂറി അംഗം സിജോ പൈനാടത്ത്, ഫൗണ്ടേഷന്‍ സെക്രട്ടറി ബിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

നിരാലംബരും രോഗികളുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിനു സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റ്യൂട്ട് (എസ്ഡി) സന്യാസിനികളുടെ നേതൃത്വത്തിലാണു കരുണാലയം പ്രവര്‍ത്തിക്കുന്നത്. ജീവകാരുണ്യ, സാമൂഹ്യ സേവനമേഖലകളിലെ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണു പുരസ്കാരം നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org