അഭയാര്‍ത്ഥിസംഘങ്ങളെ സഹോദരങ്ങളായി കരുതണമെന്നു മെക്സിക്കന്‍ മെത്രാന്‍

അഭയാര്‍ത്ഥിസംഘങ്ങളെ സഹോദരങ്ങളായി കരുതണമെന്നു മെക്സിക്കന്‍ മെത്രാന്‍
Published on

അഭയാര്‍ത്ഥികളുടെ യാത്രാസംഘങ്ങളിലെ ആളുകളെ സഹോദരങ്ങളായി പരിഗണിക്കണമെന്നു മെക്സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയിലെ ബിഷപ് ജെയിം കാല്‍ഡെറോണ്‍ രൂപതാംഗങ്ങളോട് ആവശ്യപ്പെട്ടു. ആയിരത്തോളം ആളുകളുള്ള ഒരു സംഘം ഹോണ്ടുറാസില്‍ നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മെത്രാന്‍റെ പ്രസ്താവന. ഇവര്‍ തങ്ങളുടെ രൂപതാതിര്‍ത്തിയില്‍ താത്കാലികമായി തങ്ങുകയാണെങ്കിലും അതിലൂടെ കടന്നുപോകുകയാണെങ്കിലും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നു ബിഷപ് നിര്‍ദേശിച്ചു. അമേരിക്കയിലേയ്ക്കുള്ള യാത്രയിലായിരിക്കും സാധാരണ ഗതിയില്‍ ഈ അഭയാര്‍ത്ഥികള്‍.

ഹോണ്ടുറാസ്, ഗ്വാട്ടിമല, എല്‍സാല്‍വദോര്‍ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ മെക്സിക്കോയിലൂടെയാണ് അമേരിക്കയിലേയ്ക്കു നീങ്ങുന്നത്. ഇവരെ കടത്തി വിടരുതെന്നും മെക്സിക്കോയില്‍നിന്ന് അമേരിക്കയിലേയ്ക്കുള്ള അതിര്‍ത്തിയിലൂടെ ഇവരെ പ്രവേശിപ്പിക്കുകയില്ലെന്നും അമേരിക്കന്‍ ഭരണകൂടം പല പ്രാവശ്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഭയാര്‍ത്ഥികളെ തടഞ്ഞില്ലെങ്കില്‍ മെക്സിക്കോയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് മെക്സിക്കോ അവരുടെ തെക്കന്‍ അതിര്‍ത്തിയില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പക്ഷേ ഇതു ഫലപ്രദമാകാറില്ല.

അഭയാര്‍ത്ഥികളായി തങ്ങളുടെ രാജ്യത്തു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സഹായിക്കാമെന്നും എന്നാല്‍ അമേരിക്കയിലേയ്ക്കു കടക്കാനുള്ള യാത്രാമാര്‍ഗമായി മെക്സിക്കോയെ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നുമാണ് മെക്സിക്കന്‍ ഭരണകൂടത്തിന്‍റെ നിലപാട്. പട്ടണിയും അരക്ഷിതാവസ്ഥയും മൂലമാണ് ജനങ്ങള്‍ ഈ രാജ്യങ്ങളില്‍ നിന്നു പ്രയാണം ചെയ്യുന്നതെന്നും അവരോടു മനുഷ്യത്വപരമായ പരിഗണന കാണിക്കണമെന്നുമാണ് മെക്സിക്കോയിലേയും അമേരിക്കയിലേയും കത്തോലിക്കാസഭയുടെ നിലപാട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org