Latest News
|^| Home -> International -> കുടിയേറ്റത്തെ അവസരമായി കാണണമെന്നു വത്തിക്കാന്‍

കുടിയേറ്റത്തെ അവസരമായി കാണണമെന്നു വത്തിക്കാന്‍

Sathyadeepam

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ആതിഥേയരാഷ്ട്രത്തില്‍ ലയിച്ചു ചേരുന്നതിനെ എല്ലാവര്‍ക്കും സ്വന്തം ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനു ലഭിക്കുന്ന പുതിയ അവസരമായി കാണണമെന്നു വത്തിക്കാന്‍ ആവശ്യപ്പെട്ടു. ജനതകള്‍ക്കിടയില്‍ സമാധാനവും സാഹോദര്യവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമാണു കുടിയേറ്റമെന്നു കുടിയേറ്റത്തിന്‍റെ ആഗോള സ്വാധീനത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന യുഎന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വത്തിക്കാന്‍ പ്രതിനിധിയായ ഫാ. മൈക്കിള്‍ സെര്‍ണി വ്യക്തമാക്കി. വികസനവും സമാധാനവും ഇല്ലാത്തതു മൂലം സ്വന്തം നാടു വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ആര്‍ക്കും ഉണ്ടാകാതിരിക്കുകയാണു വേണ്ടത്. എന്നാല്‍, പകര്‍ച്ചവ്യാധി പോലെ പടരുന്ന ദാരിദ്ര്യവും വിശപ്പും അക്രമവും തൊഴിലില്ലായ്മയും അഴിമതിയും പരിസ്ഥിതിനാശവും മൂലം ജനലക്ഷങ്ങള്‍ മാതൃരാജ്യങ്ങള്‍ വിട്ടു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു – ഫാ.സെര്‍ണി വിശദീകരിച്ചു.

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യങ്ങള്‍, അനുഭവസമ്പത്ത്, സാംസ്കാരികജ്ഞാനം തുടങ്ങിയവ അവര്‍ ചെന്നു ചേരുന്ന രാജ്യത്ത് ഉപയോഗിക്കാന്‍ അവസരമുണ്ടാകണമെന്ന് ഫാ.സെര്‍ണി ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ഇവ വര്‍ദ്ധിപ്പിക്കാനും സാധിക്കണം. സമൂഹത്തിന്‍റെ വികസനത്തിന് ഇതാവശ്യമാണ്. ഇപ്രകാരം കുടിയേറ്റക്കാര്‍ക്കും അവരുടെ ആതിഥേയരാഷ്ട്രങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായ സ്ഥിതി കുടിയേറ്റം കൊണ്ടുണ്ടാകണമെങ്കില്‍ ആദ്യം കുടിയേറ്റക്കാരെ മനുഷ്യവ്യക്തികളായി കണ്ടു സ്വീകരിക്കുകയും അവരുടെ അന്തസ്സിനെയും അവകാശങ്ങളെയും മാനിക്കുകയും വേണം. എല്ലാത്തരം ചൂഷണങ്ങളിലും അവഗണനകളിലും നിന്ന് അവരെ സം രക്ഷിക്കണം – വത്തിക്കാന്‍ പ്രതിനിധി വിശദീകരിച്ചു.

Leave a Comment

*
*