കുടിയേറ്റക്കാര്‍ക്കു പിന്തുണയുമായി യു എസ് അതിര്‍ത്തിരൂപതയില്‍ ഇടയലേഖനം

കുടിയേറ്റക്കാര്‍ക്കു പിന്തുണയുമായി യു എസ് അതിര്‍ത്തിരൂപതയില്‍ ഇടയലേഖനം

കുടിയേറ്റക്കാരോട് അനുഭാവം പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഇടയലേഖനം അമേരിക്കയിലെ മെക്സിക്കന്‍ അതിര്‍ത്തിയിലുള്ള എല്‍ പാസോ രൂപതാദ്ധ്യക്ഷനായ ബിഷപ് മാര്‍ക് സെയ്റ്റ് സ് പുറപ്പെടുവിച്ചു. അതിര്‍ത്തിപ്രദേശങ്ങളില്‍ ആകെ കുഴപ്പങ്ങളും അക്രമങ്ങളുമാണെന്ന ധാരണ പരത്തുന്നതു ശരിയല്ലെന്നു ഇടയലേഖനത്തില്‍ ബിഷപ് വ്യക്തമാക്കി.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിയമപരമല്ലാത്ത കുടിയേറ്റം അമേരിക്കയില്‍ എന്നും വിവാദവിഷയമാണ്. കുടിയേറ്റം തടയുന്നതിന് അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു. കത്തോലിക്കാസഭയും മാര്‍പാപ്പയും ഇതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘവും കുടിയേറ്റക്കാരോടുള്ള വിദ്വേഷത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ യുഎസ് കത്തോലിക്കാസഭയുടെ ചില തലങ്ങളില്‍ ട്രംപിന്‍റെ യാഥാസ്ഥിതിക നയങ്ങളെ അനുകൂലിക്കുന്നവരുമുണ്ട്. വത്തിക്കാനില്‍ പ്രസിദ്ധീകരിക്കുന്ന ല ചിവില്‍ത്ത കത്തോലിക്ക എന്ന മാസിക ഈ നിലപാടെടുക്കുന്ന കത്തോലിക്കരെ വിമര്‍ശിക്കുന്ന മുഖലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. കുടിയേറ്റക്കാരെ എതിര്‍ക്കുന്നത് ക്രൈസ്തവമായ രീതിയല്ലെന്നു മാസിക വിശദീകരിച്ചു. വത്തിക്കാന്‍റെയും മാര്‍പാപ്പയുടെയും നിലപാടുകള്‍ വിശദീകരിക്കുന്ന മാസികയായാണ് ജെസ്യൂട്ട് പ്രസിദ്ധീകരണമായ ചിവില്‍ത്ത കത്തോലിക്ക അറിയപ്പെടുന്നത്.

സഭ കുടിയേറ്റക്കാരോടൊപ്പം നില്‍ക്കുമെന്ന് എല്‍ പാസോ രൂപതാദ്ധ്യക്ഷന്‍റെ ഇടയലേഖനം വ്യക്തമാക്കുന്നു. കുടിയേറ്റക്കാരെ സഹായിക്കുന്നതിനു സജീവമായി രംഗത്തിറങ്ങണമെന്ന് രൂപതയിലെ വൈദികരോടും ജനങ്ങളോടും മെത്രാന്‍ ആവശ്യപ്പെട്ടു. കുടിയേറ്റക്കാരുടെ ആത്മീയവും ഭൗതീകവുമായ ആവശ്യങ്ങള്‍ നിറവേറ്റണം. അവര്‍ക്കു വേണ്ടി വാദിക്കണം. കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുയര്‍ത്തുന്ന സന്മനസ്സുള്ള സകലരോടും ഒപ്പം നില്‍ക്കാന്‍ സഭ പ്രതിബദ്ധമാണ് – ബിഷപ് ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org