ന്യൂനപക്ഷ കമ്മീഷന്‍ ആലോചനായോഗം ഇടുക്കിയില്‍ സംഘടിപ്പിച്ചു

ഇടുക്കി: മതന്യൂനപക്ഷങ്ങള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വഴി ലഭ്യമാക്കുന്ന വിവിധ സേവനസാധ്യതകളെയും പദ്ധതികളെയും കുറിച്ചുള്ള അവബോധം പ്രസ്തുത വിഭാഗങ്ങളില്‍ വ്യാപകമായി എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാതല ആലോചനായോഗം സെപ്റ്റംബര്‍ 11 ന് സംഘടിപ്പിച്ചു. ഇടുക്കി ഗവണ്‍മെന്‍റ് അതിഥി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി. കെ. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ന്യൂനപക്ഷ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിപുലമായ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സേവനങ്ങള്‍ പരമാവധി പേര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനുമായി കൂട്ടായി പരിശ്രമിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ ഒക്ടോബര്‍ 17-ന് ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റി ആസ്ഥാനമായ തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്‍ററില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നതിനുള്ള സംഘാട നസമിതിയെ യോഗം തെരഞ്ഞെടുത്തു. ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയിലിനെ ചെയര്‍മാനായും ഇടുക്കി രൂപത വികാരി ജനറാള്‍ ഫാ. ജോസ് പ്ലാച്ചിക്കലിനെ കണ്‍വീനറായും യോഗം തെരഞ്ഞെടുത്തു. ചര്‍ച്ചകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ. ബിന്ദു എം തോമസ്, സീറോ മലബാര്‍ സഭ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് നെറ്റ്വര്‍ക്ക് (സ്പന്ദന്‍) ചെയര്‍മാന്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org