ന്യൂനപക്ഷ അതിക്രമങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ ഉണരണം

ന്യൂനപക്ഷ അതിക്രമങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ ഉണരണം

മതന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമെതിരെ രാജ്യത്ത് വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ മാധ്യമങ്ങളും സഭയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് നാഗ്പൂരില്‍ സമാപിച്ച ഇന്ത്യന്‍ കാത്തലിക് പ്രസ് അസ്സോ സിയേഷന്‍റെ (ഐസിപിഎ) 53-ാ മത് ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. "നാം കൂട്ടായും വേഗത്തി ലും ഫലപ്രദമായും ഉണര്‍ന്ന് ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന്" സമ്മേളനം ഉദ്ഘാടനം ചെയ്ത നാഗ്പൂര്‍ ആര്‍ച്ചുബിഷപ് എബ്രാഹം വിരുതുകുളങ്ങര അഭിപ്രായപ്പെട്ടു. സഭയും മാധ്യമങ്ങളും നമുക്കു ചുറ്റിലുമുള്ള പീഡനങ്ങളിലും അതിക്രമങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഭാരതത്തിന്‍റെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പലര്‍ക്കും കിട്ടുന്നില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പ്രതികരിക്കാനും മറ്റുള്ളവരെ ബോധവത്കരിക്കാനും പരിശ്രമിക്കണം. വൈകിയുള്ള പ്രതികരണം പ്രതികരണമില്ലായ്മയാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
ഫാ. അംബ്രോസ് പിന്‍റോ എസ്ജെ മുഖ്യപ്രഭാഷണം നടത്തി. പൊതുവേ നോക്കിയാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കുറഞ്ഞ അളവില്‍ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വന്‍കിട മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ നീതിയുടെ കാര്യങ്ങള്‍ അവഗണിക്കുന്ന അവസ്ഥയുണ്ടെന്നും ഫാ. പിന്‍റോ വിശദീകരിച്ചു. ഐസിപിഎ പ്രസിഡന്‍റ് ഫാ. അല്‍ഫോന്‍സോ ഇലഞ്ഞിക്കല്‍, പ്രൊഫ. രായലു യുഗല്‍, നാഗ്പൂര്‍ അതിരൂപത വക്താവ് ഫാ. ലിജോ മാമ്പൂതറ, ഐസിപിഎ സെക്രട്ടറി ജോസ് വിന്‍സന്‍റ് എന്നിവര്‍ പ്രസംഗിച്ചു. യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നലാലിന്‍റെ മോചനം വൈകുന്നതില്‍ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു
സമാപന സമ്മേളനത്തില്‍ സി ബിസിഐയുടെ സമ്പര്‍ക്ക മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാല്‍വദോര്‍ ലോബോ സന്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഭൂമിയുടെ ഉപ്പായി പ്രവര്‍ത്തിക്കേണ്ടവരാണെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു. ഫാ. വര്‍ ഗ്ഗീസ് പോള്‍. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, ചാള്‍സ് സാല്‍വേ, സാമുവല്‍ ഗുണശേഖരന്‍, രാഹുല്‍ അവസരെ, ജെയിംസ് ഇടയോടി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. രാജ്യത്തിന്‍റെ വിവിധ സഭാഗങ്ങളില്‍ നിന്നുള്ള കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org