രാജ്യങ്ങള്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം ഫ്രാന്‍സിസ് മാര്‍പാപ്പ

രാജ്യങ്ങള്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം ഫ്രാന്‍സിസ് മാര്‍പാപ്പ

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളും ക്രൈസ്തവസമൂഹങ്ങളും നേരിടുന്ന പീഡനങ്ങള്‍ ഹൃദയം തകര്‍ക്കുന്നവയാണ്. ഇതില്‍ നമ്മള്‍ ഉദാസീനരാകാന്‍ പാടില്ല. അതേസമയം സഹായം തേടി സമുദ്രത്തിലൂടെ അലയുന്നവര്‍ സഹായമൊന്നും സ്വീകരിക്കാനാകാതെ മരിച്ചു വീഴുന്ന സാഹചര്യവും ഉണ്ടാകാന്‍ പാടില്ല. അഭയാര്‍ത്ഥികളായി മാറുന്നവര്‍ ലൈംഗികചൂഷണത്തിനും കുറ്റവാളിസംഘങ്ങളില്‍ ചേര്‍ക്കപ്പെടുന്നതിനും കുറഞ്ഞ കൂലിക്കു ജോലി ചെയ്യുന്നതിനും ഇടയാകുന്ന സ്ഥിതിയും ഒഴിവാക്കപ്പെടണം -മാര്‍പാപ്പ വിശദീകരിച്ചു. മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ തീരത്തുള്ള രാജ്യങ്ങളിലെ മെത്രാന്മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. 19 രാജ്യങ്ങളില്‍ നിന്നുള്ള 50 കത്തോലിക്കാ മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ മേഖലയിലെ രാജ്യങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യവും തുല്യതയും മതസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് മെത്രാന്മാരുടെ സമ്മേളനം ആരായുന്നതെന്നു ബോസ്നിയ-ഹെര്‍സഗോവിന മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റ് കാര്‍ഡിനല്‍ വിങ്കോ പുയിക് അറിയിച്ചു. വേദനയും സഹനവും അനുഭവിക്കുന്ന സഭകളുടേയും ജനങ്ങളുടേയും ശബ്ദ മാകാന്‍ അജപാലകരെന്ന നിലയില്‍ തങ്ങള്‍ക്കു കടമയുണ്ടെന്ന് കാര്‍ഡിനല്‍ വിശദീകരിച്ചു.

സംസ്കാരങ്ങളുടെ സംഘര്‍ഷമെന്ന പതിവു വായ്ത്താരി അക്രമത്തെ ന്യായീകരിക്കാനും വിദ്വേഷം വളര്‍ത്താനുമായി ഉപയോഗിക്കരുതെന്നു മാര്‍പാപ്പ പ്രസ്താവിച്ചു. രാഷ്ട്രീയത്തിന്‍റെ പരാജയവും ദൗര്‍ബല്യവും വിഭാഗീയതയും ചേര്‍ന്ന് തീവ്രവാദവും ഭീകരവാദവും വളര്‍ത്തുകയാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും ഉള്‍ച്ചേര്‍ക്കുകയും ചെയ്യുക എളുപ്പമു ള്ള പ്രക്രിയയല്ല എന്നതു ശരിയാണ്. എങ്കിലും മതിലുകള്‍ കെട്ടിക്കൊണ്ടാണ് ഈ പ്രശ്നത്തെ നേരിടേണ്ടത് എന്നു ചിന്തിച്ചു കൂടാ-മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org