മിഷന്‍ കോണ്‍ഗ്രസ്സും അല്മായ പ്രേഷിതാഭിമുഖ്യവും

മിഷന്‍ കോണ്‍ഗ്രസ്സും  അല്മായ പ്രേഷിതാഭിമുഖ്യവും

കേരള സഭയിലെ വിശ്വാസ നവീകരണവും അല്മായര്‍ക്കിടയിലെ പ്രേഷിതാഭിമുഖ്യവളര്‍ച്ചയും ലക്ഷ്യം വച്ച് കേരള ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 'മിഷന്‍ കോണ്‍ഗ്രസ്' ഒക്ടോബര്‍ 6, 7, 8, തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുകയാണ്. മൂന്നുവര്‍ഷം നീണ്ടുനിന്ന ഒരുക്കങ്ങളാണ് ഇതിന്‍റെ പിന്നിലുണ്ടായിരുന്നത്. ഈ മിഷന്‍ കോണ്‍ഗ്രസിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനം. തയ്യാറാക്കിയത് ബ്രദര്‍ വിനയ്.

മിഷന്‍ കോണ്‍ഗ്രസ്സ് ഒരു പ്രേഷിതസംഗമമാണ്. പ്രേഷിതപ്രവര്‍ത്തനം കൊണ്ടര്‍ത്ഥമാക്കുന്നത് സുവിശേഷ പ്രഘോഷണദൗത്യത്തെയാണ്. ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും സുവിശേഷപ്രഘോഷണമെന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നവനാണ്. മിഷന്‍ കോണ്‍ഗ്രസ്സ് ഇപ്രകാരം ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിലെ അംഗങ്ങളായ എല്ലാവരെയും സുവിശേഷപ്രഘോഷകരാകാന്‍ പ്രചോദിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ സാര്‍വത്രിക സഭയിലെ മെത്രാന്മാരും വൈദികരും സന്യസ്ഥരും അല്മായരും വ്യത്യസ്തതലങ്ങളില്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ്. ആഗോളസഭയില്‍ സുവിശേഷാഭിമുഖ്യം സൃഷ്ടിക്കുവാന്‍ മിഷന്‍ കോണ്‍ഗ്രസ്സും വിശുദ്ധകുര്‍ബാനയോടു താല്പര്യം ജനിപ്പിക്കുവാന്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ്സും നടത്താറുണ്ട്. കേരള സഭാ വിശ്വാസികളില്‍ പ്രേഷിതപ്രവര്‍ത്തനങ്ങളോടാഭിമുഖ്യം വളരാനും ക്രിസ്തുനാഥന്‍ ഭരമേല്പ്പിച്ച സുവിശേഷപ്രഘോണധര്‍മ്മം ധീരതയോടെ ഏറ്റെടുക്കുവാനും സഹായിക്കുന്ന രീതിയില്‍ ഒരു മിഷന്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നു.മിഷന്‍ കോണ്‍ഗ്രസ്സിനോടൊപ്പം നടക്കുന്ന മറ്റൊരു പ്രധാനകാര്യമാണ് ബിസിസി കണ്‍വെന്‍ഷന്‍. കേരള സഭയെ ഒരേ വീക്ഷണവും സംവിധാനവുമുള്ള പങ്കാളിത്തസഭയാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ പ്രവര്‍ത്തനങ്ങളും സഭയുടെ അടിസ്ഥാനഘടകമായ ബിസിസി എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രേഷിതചൈതന്യവും പങ്കാളിത്തസംവിധാനവുമുള്ള ഒരു സഭാസമൂഹത്തെ കുടുംബയൂണിറ്റുകളില്‍ രൂപീകരിക്കുക എന്നതാണ് മിഷന്‍ കോണ്‍ഗ്രസ്സിന്‍റെയും ബിസിസി കണ്‍വെന്‍ഷന്‍റെയും ലക്ഷ്യം. മൂന്നു ഘട്ടങ്ങളിലായി നടന്നുവരുന്ന ഒരുക്കപരിപാടികള്‍ അതിന്‍റെ പരമകാഷ്ഠയിലെത്തുമ്പോള്‍ 4000 പ്രതിനിധികളാണ് മിഷന്‍ കോണ്‍ഗ്രസ്സിലും ബിസിസി കണ്‍വെന്‍ഷനിലുമായി പങ്കെടുക്കുന്നത്. പ്രതിനിധികള്‍ രൂപതകളില്‍ താമസിച്ചുകൊണ്ട് പ്രേഷിതചൈതന്യം പങ്കുവയ്ക്കാനും പരസ്പരം പരിചയപ്പെടാനും അവസരമൊരുക്കുന്നു. കേരള ലത്തീന്‍ സഭയിലെ എല്ലാവരുടെയും സജീവപങ്കാളിത്തത്തോടെ നടക്കുന്ന ഈ സംഗമം കേരള ലത്തീന്‍ സഭയുടെ ചരിത്രത്തില്‍ വലിയ ഒരു നാഴികക്കല്ലായിരിക്കും.

2014-ലെ മിഷന്‍ ഞായറാഴ്ച ഒക്ടോബര്‍ 16 നാണ് മൂന്ന് വര്‍ഷം നീണ്ടുനിന്ന ഈ വിശ്വാസനവീകരണപങ്കാളിത്ത ശാക്തീകരണപ്രക്രിയ ആരംഭിച്ചത്. 2017 ഒക്ടോബര്‍ മാസം 6, 7,8 തീയതികളില്‍ വല്ലാര്‍പാടത്തുവച്ചു നടക്കുന്ന മിഷന്‍ കോണ്‍ഗ്രസ്സിന്‍റെയും ബിസിസി കണ്‍വെന്‍ഷന്‍റെയും അവസാനഘട്ട ഒരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായ മുന്നൊരുക്കപരിപാടികള്‍ ഔപചാരികമായി രൂപതാതലങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് 2016 ഒക്ടോബര്‍ 16നാണ്. ഓരോ മാസവും ഓരോ ശുശ്രൂഷകള്‍ക്ക് പ്രാധാന്യം നല്കുന്ന രീതിയിലാണ് ഈ നവീകരണപരിപാടികള്‍ ക്രമീകരിച്ചത്. ശുശ്രൂഷയെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും പഠിക്കുവാനും യൂണിറ്റുകളില്‍ പ്രസ്തുത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും അതുവഴി ശുശ്രൂഷാസംവിധാനങ്ങള്‍ കേരള ലത്തീന്‍സഭയില്‍ ആകമാനം ഉറപ്പിക്കുവാനുമാണ് ശ്രമിച്ചത്. മൂന്നാംഘട്ട നവീകരണ പരിപാടികള്‍ക്കു മേല്നോട്ടം വഹിക്കേണ്ടത് അതാത് രൂപതകളില്‍ സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളാണ്. ഈ മുന്നൊരുക്കപരിപാടികളിലൂടെ ഉരുത്തിരിയുന്ന ദശവത്സരകര്‍മ്മപരിപാടികള്‍ 2017 ഒക്ടോബര്‍മാസം 6, 7, 8 തീയതികളില്‍ നടക്കുന്ന മിഷന്‍ കോണ്‍ഗ്രസ്സ് ബിസിസി കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുകയും അതു കേരള ലത്തീന്‍ സഭയുടെ തുടര്‍ന്നുവരുന്ന 10 വര്‍ഷത്തെ കര്‍മ്മപദ്ധതിയായി തീരുകയും ചെയ്യുന്നതാണ്.

ത്രിയേക ദൈവത്തിന്‍റെ സ്നേഹം ഉള്‍ക്കൊള്ളുകയും, വെളിപ്പെടുത്തുകയും, പങ്കുവെയ്ക്കുകയും ചെയ്തുകൊണ്ട് കൂട്ടായ്മയുടെ ജീവിതം സംജാതമാക്കുകയെന്നതാണ് ക്രിസ്തീയ ജീവിതത്തിന്‍റെ അന്തഃസത്ത. നമ്മുടെ ശരീരത്തില്‍ പല അവയവങ്ങളുണ്ടല്ലൊ. എല്ലാ അവയവങ്ങള്‍ക്കും ഒരു ധര്‍മ്മമല്ല. അതു പോലെ നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏക ശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളാണ്. നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. (റോമ 12: 4 8)ഒരു ചെറുവിരലിന്‍റെ പ്രവര്‍ത്തനരാഹിത്യംപോലും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അപൂര്‍ണ്ണമാക്കുന്നതുപോലെ സഭയിലെ ഏറ്റവും ചെറിയവരില്‍ ഒരാളെങ്കിലും പ്രവര്‍ത്തിക്കാതിരുന്നാല്‍ സുവിശേഷവത്കരണം അപൂര്‍ണ്ണമായിരിക്കും.

സഭയുടെ ആരാധനക്രമവും കൂദാശപരികര്‍മ്മങ്ങളും വിവിധ ശുശ്രൂഷാപ്രവര്‍ത്തനങ്ങളും കൂടുതല്‍ പങ്കാളിത്തത്തോടെ ആകര്‍ഷകവും അര്‍ത്ഥവത്തും ആക്കാനാകും. പരസ്നേഹവും ഐക്യവും നിലനിര്‍ത്തി സുവിശേഷചൈതന്യത്തില്‍ ജീവിക്കുന്ന അയല്‍പക്ക ചെറുസമൂഹങ്ങളായി നാം നമ്മുടെ ഇടവകസമൂഹങ്ങളെ മാറ്റേണ്ടതുമാണ്.അതിനു സഹായകമാകുംവിധം പങ്കാളിത്തസംവിധാനങ്ങളും ശുശ്രൂഷാപ്രവര്‍ത്തനങ്ങളും കൂട്ടായ്മകളിലൂടെ പരമാവധി ശക്തിപ്പെടുത്തണം.

പ്രേഷിതപ്രവര്‍ത്തനമേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ കാലോചിതമായി നേരിടുന്നതിന് കേരള ലത്തീന്‍ സഭ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗമാണ് 6 ശുശ്രൂഷകളിലൂടെയുള്ള പങ്കാളിത്ത സഭാപ്രവര്‍ത്തനം. സാര്‍വത്രികസഭയുടെ ചെറുപതിപ്പുകളായ കുടുംബയൂണിറ്റുകളെ വിവിധ ശുശ്രൂഷാപ്രവര്‍ത്തനങ്ങളിലൂടെ ഏകോപിച്ചു സജീവമാക്കുന്ന രീതിയാണിത്. ഇതിലൂടെ അല്മായ പങ്കാളിത്തത്തിനു കൂടുതല്‍ സാധ്യത രൂപപ്പെടുകയും സഭാജീവിതത്തെ കാലോചിതമായി അവതരിപ്പിക്കുന്നതിന് കഴിയുകയും ചെയ്യുന്നു.

കെ.ആര്‍.എല്‍.സി.സിയുടെ 20-ാമത് ജനറല്‍ അസംബ്ലിയുടെ നിര്‍ദേശമുള്‍ക്കൊണ്ട് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി "ബിസിസി സംവിധാനങ്ങളെ സഭയുടെ യഥാര്‍ത്ഥ ചെറുപതിപ്പുകളായി ശക്തിപ്പെടുത്തുവാനും വിവിധ ശുശ്രൂഷകളെ കുടുംബയൂണിറ്റ്/ബിസിസിതലത്തില്‍ രൂപീകരിച്ച് ഇടവക, ഫെറോന, രൂപതാതലങ്ങളില്‍ പ്രവര്‍ത്തനക്ഷമമാക്കുവാനും" തീരുമാനിച്ചു. അതനുസരിച്ച് ബിസിസി/കുടുംബയൂണിറ്റുകളും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളും കേരളത്തിലെ എല്ലാ രൂപതകളിലും ശക്തിപ്പെടുത്തുവാന്‍ വിവിധ കമ്മീഷനുകള്‍ വഴി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ സമാപനമായി 2017 ഒക്ടോബറില്‍ നടക്കുന്ന കേരളതല കണ്‍വെന്‍ഷനും മിഷന്‍ കോണ്‍ഗ്രസ്സും രൂപതാതലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചായിരിക്കും വിജയപ്രദമാകുന്നത്. 2017ലെ കണ്‍വെന്‍ഷനോടെ ഒരേ ദര്‍ശനവും ഒരേ സംവിധാനവുമുള്ള പങ്കാളിത്തസഭയെ ലത്തീന്‍ സഭയില്‍ രൂപപ്പെടുത്താനുതകുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

അജപാലനശുശ്രൂഷ ലക്ഷ്യമാക്കുന്നത് ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയെ പ്രാദേശികമായി പണിതുയര്‍ത്തുക എന്നതാണ് (എഫേ. 4:31). ഈ സഭാ രൂപീകരണപ്രക്രിയയില്‍ എല്ലാ വിശ്വാസികളുടെയും സജീവപങ്കാളിത്തവും സഹകരണവും അത്യന്താപേക്ഷിതമാണ്. കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് സുവിശേഷ സന്ദേശം എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സന്തോഷം നല്കുന്ന സദ്വാര്‍ത്തയായി പകര്‍ന്നുകൊടുക്കുവാന്‍ വൈദികരും സന്യസ്തരും അല്മായരും ഒരുപോലെ പ്രതിജ്ഞാബദ്ധരാണ്. ഇന്നത്തെ നമ്മുടെ ഇടവക പ്രവര്‍ത്തന സംവിധാനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ അല്മായരുടെ വിവിധ തലങ്ങളിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാനോന്‍ നിയമം അനുശാസിക്കുന്ന ധനകാര്യസമിതിയും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്ന ഇടവക പാസ്റ്ററല്‍ കൗണ്‍സിലും എല്ലാവരുടെയും സജീവപ്രാതിനിധ്യത്തോടെ പ്രവര്‍ത്തനനിരതമാകുവാന്‍ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലുടെ രൂപപ്പെടുന്ന 6 ശുശ്രൂഷാസമിതികള്‍ സഹായകമായിത്തീരും.

സ്വഭാവത്തില്‍ത്തന്നെ പ്രേഷിതയായ സഭയുടെ, ഈ പ്രേഷിതദൗത്യം ഏറെ കാര്യക്ഷമമമായി നിറവേറ്റേണ്ടത് പ്രാദേശികസഭകളാണ്. കാരണം പ്രാദേശികസഭകളില്‍ സുവിശേഷത്തിന്‍റെ പ്രഘോഷണം, പകര്‍ന്നുനല്കല്‍, ജീവിക്കുന്ന അനുഭവം എന്നിവ സാക്ഷാത്കരിക്കപ്പെടുന്നു(മാര്‍ഗ്ഗരേഖ നമ്പര്‍ 15). കൂദാശാനുഷ്ഠാനങ്ങളില്‍ സജീവമായി പങ്കുചേരുന്ന ക്രൈസ്തവര്‍ പരിശുദ്ധാത്മാവില്‍ പ്രചോദിതരായി ആദിമക്രൈസ്തവസഭയിലെന്നതുപോലെ സുവിശേഷസാക്ഷ്യത്തിലേക്ക് നിര്‍ബന്ധിതരാകുന്നു. സുവിശേഷപ്രഘോഷണത്തിന്‍റെ കാതലായ സന്ദേശം കരയും കടലും കടന്ന് വിവിധ രാജ്യങ്ങളില്‍പോയി ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നതിനുപരിയായി ജീവിക്കുന്ന സാഹചര്യങ്ങളില്‍ സുവിശേഷാരൂപിയില്‍ നിറഞ്ഞു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുക; അതിലൂടെ ഓരോ ക്രൈസ്തവനും സുവിശേഷത്തിന്‍റെ സന്ദേശമാകുക എന്നതാണ് . അതിനു സഹായിക്കുന്ന രീതിയില്‍ " യേശുക്രിസ്തുവുമായി നടത്തുന്ന വ്യക്തിപരമായ കണ്ടുമുട്ടലുകള്‍" (നമ്പര്‍ 11) അനിവാര്യമാണ്. ഇപ്രകാരമുള്ള കണ്ടുമുട്ടലുകള്‍ കൂദാശകളിലൂടെ പ്രാദേശിക സഭകളില്‍ അനുഭവവേദ്യമാകുമ്പോള്‍ ഓരോ പ്രാദേശികസഭയും സുവിശേഷവത്ക്കരണത്തിനു പ്രാപ്തിയുള്ളതായി മാറും.

സഭ സ്വഭാവത്താല്‍ത്തന്നെ പ്രേഷിതയാകയാല്‍ എല്ലാവരെയും പ്രേഷിതചൈതന്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. "ക്രൈസ്തവനായിരിക്കുക" സഭയായിരിക്കുക" എന്നതിന്‍റെ അര്‍ത്ഥം മിഷണറി ആയിരിക്കുക എന്നതാണ് ("ക്രൈസ്തവ വിശ്വാസകൈമാറ്റത്തിനു നവസുവിശേഷവത്ക്കരണം"- മാര്‍ഗ്ഗരേഖ നമ്പര്‍10).

ഇന്നു സഭ പ്രസക്തമാകുന്നത് ജീവിക്കുന്ന ചുറ്റുപാടുകളിലും അയല്‍പക്കബന്ധങ്ങളിലുമാണ്. അയല്‍പക്കബന്ധങ്ങള്‍ സുവിശേഷചൈതന്യത്താല്‍ നിറയ്ക്കുവാന്‍ സഹായിക്കുന്നത് കുടുംബയൂണിറ്റുകളിലൂടെയാണ്. സുവിശേഷചൈതന്യം അനുസരിച്ചുജീവിക്കുന്നവര്‍ കുടുംബയൂണിറ്റ്കളില്‍ സ്വയം പ്രേഷിതരാകുകയാണ്. പങ്കുവയ്ക്കുകയും സ്നേഹം പരിപോഷിപ്പിക്കുകയും വചനാധിഷ്ഠിതമായി ജീവിക്കുകയും ചെയ്യുന്ന ചെറുസമൂഹങ്ങളാണ് സാര്‍വ്വത്രികസഭയുടെ ചെറുപ്പതിപ്പുകളായി സുവിശേഷപ്രഘോഷണത്തില്‍ വ്യാപരിക്കേണ്ടത്. ക്രിസ്തുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും അറിയാത്തവരായി ഇന്നും ധാരാളം ആളുകളുണ്ട്. അവരുടെയിടയില്‍ സുവിശേഷം പ്രസംഗിക്കുവാനും ക്രിസ്തുവിനു സാക്ഷ്യമേകുവാനും ധാരാളം പ്രേഷിതപ്രവര്‍ത്തകരെ നാം കണ്ടെത്തേണ്ടതുണ്ട്. ഓരോ കുടുംബയൂണിറ്റ്/ബിസിസികളിലും പ്രേഷിതാഭിമുഖ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും, ഉപവസിച്ച് ആ സമ്പത്ത് പ്രേഷിതര്‍ക്കായി മാറ്റിവച്ചുകൊണ്ട് സാര്‍വ്വത്രികസഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കുകാരാകാം. ഓരോ യൂണിറ്റില്‍നിന്നും പ്രേഷിതരാകാന്‍ താല്പര്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി വിവിധ പ്രേഷിതമേഖലകള്‍ പരിചയപ്പെടുത്തുകയും അവിടേയ്ക്കയക്കുകയും ചെയ്യാന്‍ കുടുംബയൂണിറ്റ്/ബിസിസി ഭാരവാഹികള്‍ക്ക് പ്രത്യേകം താല്പര്യമെടുക്കാവുന്നതാണ്.

ഇടവകയില്‍ നടക്കുന്ന അജപാലനശുശ്രൂഷയുടെ കാതല്‍ അജപാലനപരമായ കരുതലാണ്. അജപാലകനെന്ന വാക്ക് വി. പൗലോസ് ശ്ലീഹാ എഫേസോസുകാര്‍ക്കെഴുതിയ 4:11-ലാണ് കാണുന്നത്. അജപാലനശുശ്രൂഷയുടെ ലക്ഷ്യമായി ഇവിടെ പറഞ്ഞിരിക്കുന്നത് ക്രിസ്തുവിന്‍റെ ശരീരം പണിതുയര്‍ത്തുകയെന്നതാണ്. പരമ്പരാഗതമായി നടക്കുന്ന അജപാലനശുശ്രൂഷകള്‍ പ്രധാനമായി മതബോധനം, ആരാധന, പ്രസംഗം, കൂദാശപരികര്‍മങ്ങള്‍, നൊവേന, തിരുനാളുകള്‍ തുടങ്ങിയ സ്ഥിരം പരിപാടികളാണ്. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യക്തി ജീവിതത്തെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നരീതിയില്‍ പുനക്രമീകരണം നടത്തേണ്ടതാണ്.

അജപാലകന്‍ എന്നവാക്കിന്‍റെ അര്‍ഥം 'feeder' എന്നാണ്. ആഹാരം കൊടുക്കുന്നതിലുള്ള വിശ്വസ്തത വിശ്വാസജീവിതത്തിനു ആവശ്യമായ മാര്‍ഗനിര്‍ദേങ്ങള്‍ നല്കുന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അജപാലനശുശ്രൂഷയുടെ ഉത്തരവാദിത്തം പത്രോസിനെ ഏല്പിച്ചുകൊണ്ട് 'മറ്റുള്ളവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ'(യോഹ 21: 15)യെന്ന് യേശു പത്രോസിനോട് ചോദിച്ചുകൊണ്ട് വ്യക്തമാക്കുന്നുണ്ട്. പത്രോസ് പറഞ്ഞ ഉത്തരത്തിന് മറുപടിയായി യേശു പറഞ്ഞത് അജപാലനശുശ്രൂഷയ്ക്ക് ദിശാബോധമേകുന്നതാണ്. രണ്ടുപ്രാവശ്യം 'feed my lamp' എന്നും ഒരുപ്രാവശ്യം 'tend my sheep' എന്നുമാണ് യേശു ആഹ്വാനം ചെയ്യുന്നത്. ഇതിലൂടെ ആടുകളുടെ ജീവസന്ധാരണത്തിനുവേണ്ട എല്ലാ ആവശ്യങ്ങളും നിറവേറ്റണമെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും ഇടയന്മാരോട് കര്‍ത്താവ് ആവശ്യപ്പെടുന്നു. ഇടവകകളിലിന്ന് നടക്കുന്ന വിവിധ പരമ്പരാഗത അജപാലനപ്രവര്‍ത്തനങ്ങളെ വിലയിരുത്തി എല്ലാവരുടെയും സജീവപങ്കാളിത്തത്തോടെ അവ കൂടുതല്‍ സജീവമാക്കുകയെന്നതാണ് ഈ സംഗമം ലക്ഷ്യം വയ്ക്കുന്നത്. അതിലൂടെ വിശ്വാസികളെ ആത്മീയ പ്രബുദ്ധരാക്കുവാനും പ്രതികൂലസാഹചര്യങ്ങളില്‍നിന്ന് സംരക്ഷിക്കുവാനും സഹായകമായ സാഹചര്യങ്ങള്‍ എല്ലാ ഇടവകകളിലും സൃഷ്ടിക്കപ്പെടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org