മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ ബാലഭവനുകള്‍ക്ക് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ലഭ്യമാക്കും

വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സഭ നടത്തുന്ന രാജ്യത്തെ ബാലഭവനുകള്‍ സര്‍ക്കാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്ന് സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ പറഞ്ഞു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി മേനകാ ഗാന്ധിയുമായി സിസ്റ്റര്‍ പ്രേമ കൂടിക്കാഴ്ച നടത്തുകയുണ്ടായി. മന്ത്രാലയവും സഭയും തമ്മിലുള്ള സഹകരണം, സ്നേഹവും പരിചരണവും ആവശ്യമായ ദൈവമക്കളുടെ നന്മയ്ക്കായി പ്രയോജനപ്പെടട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന- സിസ്റ്റര്‍ പ്രേമ പറഞ്ഞു.

മിഷനറീസ് ഓഫ് ചാരിറ്റി സഭ നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങളെ മന്ത്രി മേനക ഗാന്ധി പ്രകീര്‍ത്തിക്കുകയും 2015-ലെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സഭയുടെ എല്ലാ ബാലഭവനുകളുടെയും രജിസ്ട്രേഷന്‍ നടത്താന്‍ മന്ത്രാലയവുമായി സഹകരിക്കണമെന്ന് സൂചിപ്പിക്കുകയും ചെയ്തതായി സിസ്റ്റര്‍ പ്രേമ വ്യക്തമാക്കി. മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ ഭൂരിപക്ഷം ബാലഭവനുകളുടെയും രജിസ്ട്രേഷന്‍ കഴിഞ്ഞതായും ബാക്കിയുള്ളവയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായും സിസ്റ്റര്‍ മന്ത്രിയെ ധരിപ്പിച്ചു. ശിശുക്കളെ നിയമപരമായി ദത്തു നല്‍കുന്ന സേവനപ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ മിഷനറീസ് ഓഫ് ചാരിറ്റി സഭ സമ്മതം അറിയിച്ചതായി മന്ത്രി പിന്നീട് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org