മിഷനറീസ് ഓഫ് ചാരിറ്റി സഭയ്ക്കെതിരെ അന്വേഷണം

മിഷനറീസ് ഓഫ് ചാരിറ്റി സഭയ്ക്കെതിരെ അന്വേഷണം

വിദേശ സഹായവും മറ്റും വഴി മാറ്റി ചെലവഴിക്കുന്നുവെന്നും ദുരുപയോഗിക്കുന്നുവെന്നും ആരോപണമുയര്‍ത്തി വി. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ സാമ്പത്തിക സ്രോതസ്സുകളെയും അതിന്‍റെ വിനിയോഗത്തെയും കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജാര്‍ഘണ്ട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ ഫണ്ട് ദുരുപയോഗത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്നാണ് ജാര്‍ഘണ്ടിലെ ബിജെ പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേ ഴ്സിനു പുറമെ സഭയുടെ മറ്റു വിഭാഗങ്ങളായ മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ്, മിഷനറീസ് ഓഫ് ചാരിറ്റി ഫാദേഴ്സ് എന്നിവയെയും ഉള്‍പ്പെടുത്തി വിദേശ സഹായങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഒരു ഹിന്ദി മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ക്രൈസ്തവര്‍ക്കു ലഭിക്കുന്ന വിദേശ സഹായം ദരിദ്രരും നിരക്ഷരരുമായ ആദിവാസികളെയും ദളിതരെയും മതപരിവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുകയാണെന്ന് ചില ഹിന്ദു ഗ്രൂപ്പുകള്‍ ആരോപണമുയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നും തെറ്റിദ്ധാരണാജനകമാണെന്നും മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറഞ്ഞു. സഭയ്ക്കു സംഭാവനയായി ലഭിക്കുന്ന ഓരോ പൈസയ്ക്കും കൃത്യമായ കണക്കുണ്ട്. വ്യക്തമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് അതു ചെലവഴിക്കുന്നത്. അതിന്‍റെ വാര്‍ഷിക റിട്ടേണുകള്‍ നിയമപ്രകാരം ഫയല്‍ ചെയ്യുന്നുമുണ്ട് – സുനിത കുമാര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org