മിഷണറിയെ തിരിച്ചയയ്ക്കാനുള്ള തീരുമാനത്തിലുറച്ച് ഫിലിപ്പൈന്‍സ്

ഫിലിപ്പൈന്‍സില്‍ സേവനം ചെയ്യുന്ന ആസ്ത്രേലിയന്‍ മിഷണറിയായ സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ വിസ റദ്ദാക്കി തിരിച്ചയക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഫിലിപ്പൈന്‍സ് ഇമിഗ്രേഷന്‍ അധികാരികള്‍ വ്യക്തമാക്കി. ഏപ്രിലില്‍ സിസ്റ്റര്‍ ഫോക്സിനെ ഒരു രാത്രി തടവിലാക്കുകയും തുടര്‍ന്ന് രാജ്യം വിട്ടുപോകണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ നിരാകരിച്ചുകൊണ്ടാണ് പുതിയ തീരുമാനം ഉണ്ടായിട്ടുള്ളത്. മിഷണറി വിസയില്‍ രാജ്യത്തെത്തിയ സിസ്റ്റര്‍ ഫോക്സ് വിസ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് അധികാരികള്‍ രാജ്യം വിടാന്‍ കല്‍പിച്ചിരിക്കുന്നത്. വിസ ചട്ടങ്ങള്‍ക്കു വിരുദ്ധമായി സിസ്റ്റര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുവെന്നാണ് ആരോപണം. മയക്കുമരുന്നു വ്യാപാരത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനു വിശുദ്ധയായ ഒരു വ്യക്തിയെ രാജ്യത്തു നിന്നു ഓടിക്കുന്നതില്‍ രാജ്യത്തെ കത്തോലിക്കാസഭാനേതൃത്വം കടുത്ത നിരാശ പ്രകടിപ്പിച്ചു. വിമര്‍ശകരെ അടിച്ചമര്‍ത്തുകയാണ് ദ്യുവെര്‍ത്തെ ഭരണകൂടമെന്ന ആരോപണം ശരി വയ്ക്കുന്നതാണ് ഈ നാടുകടത്തല്‍ നടപടിയെന്നു സഭാനേതാക്കള്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org