മ്യാന്‍മാര്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കു സഹായവുമായി മിസോറാം സഭ

മ്യാന്‍മാര്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കു സഹായവുമായി മിസോറാം സഭ

മ്യാന്‍മറിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നു അതിര്‍ത്തി കടന്ന് ഇന്ത്യയിലേയ്ക്കു പലായനം ചെയ്യുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനു മിസോറാമിലെ കത്തോലിക്കാസഭ സര്‍ക്കാരുമായി സഹകരിക്കുന്നു. മ്യാന്‍മാറില്‍ നിന്നുള്ള ഏതാണ്ട് 15,000 അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ മിസോറാമിലുണ്ടെന്നു ഐസ്വാള്‍ രൂപതാ ബിഷപ് സ്റ്റീഫന്‍ റോട്ട്‌ലുവാംഗ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്കു താമസസൗകര്യവും മരുന്നുകളും ഭക്ഷണവും എത്തിക്കാന്‍ വിവിധ സന്നദ്ധസംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു സഭയെന്നു ബിഷപ് അറിയിച്ചു.
ആളുകള്‍ പരസ്പരം അറിയുന്നവരാണ് എന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമാകുന്നതായി ബിഷപ് പറഞ്ഞു. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നു അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. പലരുടെയും ബന്ധുകുടുംബങ്ങള്‍ അതിര്‍ത്തിയുടെ അപ്പുറവും ഇപ്പുറവുമായി കഴിയുന്നവരാണ്. അതുകൊണ്ട് അവരുടെ വേദനകള്‍ മനസ്സിലാക്കാനും തുറന്ന കരങ്ങളോടെ സ്വീകരിക്കാനും ഇവിടെയുള്ളവര്‍ക്കു ബുദ്ധിമുട്ടില്ല. പലര്‍ക്കും ബന്ധുവീടുകളില്‍ തന്നെ താമസിക്കാന്‍ കഴിയുന്നുണ്ട്. അല്ലാത്തവരെ സഭയുടെയും സംഘടനകളുടെയും ദുരിതാശ്വാസക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. -ബിഷപ് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ ക്രൈസ്തവഭൂരിപക്ഷമുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്നാണു മിസോറാം. ഇവിടത്ത 11 ലക്ഷം ജനങ്ങളില്‍ 90 ശതമാനവും ക്രൈസ്തവരാണ്. മേഘാലയ, നാഗാലാന്‍ഡ് എന്നിവയാണു മറ്റു രണ്ടു സംസ്ഥാനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org