മോണ്‍. ആനാപറമ്പില്‍ ആലപ്പുഴ രൂപത കോ-അഡ്ജുതോര്‍ മെത്രാന്‍

മോണ്‍. ആനാപറമ്പില്‍ ആലപ്പുഴ രൂപത കോ-അഡ്ജുതോര്‍ മെത്രാന്‍

ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി മോണ്‍. ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണു പുതിയ നിയമനം. 2018 ഫെബ്രുവരി 11-ന് മെത്രാഭിഷേകം നടക്കും. ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനു പുറമെ, കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. സ്റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്‍റ് സാമുവല്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ആലപ്പുഴ കണ്ടക്കടവ് സെന്‍റ് ഫ്രാന്‍സിസ് ഇടവക ആനാപറമ്പില്‍ പരേതരായ റാഫേല്‍ – ബ്രിജിറ്റ് ദമ്പതികളുടെ മകനായ മോണ്‍. ജെയിംസ് 1962 മാര്‍ച്ച് ഏഴിനാണ് ജനിച്ചത്. ചെല്ലാനം സെന്‍റ് മേരീസ് ഹൈസ്കൂളിലെ പഠനശേഷം ആലപ്പുഴ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്നു. 1986 ഡിസംബര്‍ 17-ന് പൗരോഹിത്യം സ്വീകരിച്ചു. കെസിഎസ്എല്‍, ടീച്ചേഴ്സ് ഗില്‍ഡ്, കേരള വൊക്കേഷനല്‍ സെന്‍റര്‍ എന്നിവയുടെ രൂപതാ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ആലപ്പുഴ രൂപതാ വികാരി ജനറല്‍, ആലുവ കാര്‍മ്മല്‍ഗിരി സെന്‍റ് ജോസഫ് സെമിനാരി അധ്യാപകന്‍, റെക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തു. കെസിബിസി ആസ്ഥാനമായ പിഒസിയില്‍ ബൈബിള്‍ പരിഭാഷാ പണ്ഡിതസമിതി അംഗമാണ്. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും യഹൂദ പഠനത്തില്‍ പോസ്റ്റ്മാസ്റ്റര്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള മോണ്‍. ആനാപറമ്പിലിന് 12 ഭാഷകള്‍ വശമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org