മോണ്‍. കണ്ടത്തില്‍ ദൈവദാസപദവിയിലേക്ക് പ്രഖ്യാപനകര്‍മങ്ങള്‍ ഫെബ്രുവരി 6-ന്

മോണ്‍. കണ്ടത്തില്‍ ദൈവദാസപദവിയിലേക്ക് പ്രഖ്യാപനകര്‍മങ്ങള്‍ ഫെബ്രുവരി 6-ന്

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാ വൈദികനും അമലോത്ഭവ മാതാവിന്‍റെ അസ്സീസി സന്ന്യാസസഭയുടെയും ഗ്രീന്‍ ഗാര്‍ഡന്‍സ് സ്ഥാപനങ്ങളുടെയും സ്ഥാപകപിതാവുമായ മോണ്‍. ജോസഫ് തോമസ് കണ്ടത്തിലച്ചന്‍റെ നാമകരണ നടപടികള്‍ക്ക് അതിരൂപതാ തലത്തില്‍ തുടക്കം കുറിക്കുകയാണ്. പ്രാരംഭ നടപടികള്‍ സംബന്ധിച്ചുള്ള പ്രഖ്യാപനകര്‍മങ്ങള്‍ 2020 ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച 3.30ന് മോണ്‍. ജോസഫ് കണ്ടത്തില്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കും. അഭി. കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി, അഭി. മാര്‍ ആന്‍റണി കരിയില്‍, മെത്രാപ്പോലീത്തന്‍ വികാരി, അഭി. മാര്‍ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മാര്‍ ജെയിംസ് ആനാപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. കണ്ടത്തിലച്ചന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന ഗ്രീന്‍ഗാര്‍ഡന്‍സ് നിത്യാരാധന ചാപ്പലില്‍ പ്രാരംഭപ്രാര്‍ത്ഥനകള്‍ നടക്കും. തുടര്‍ന്നു മോണ്‍. ജോസഫ് കണ്ടത്തില്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ യോഗത്തില്‍ ഡിക്രി പ്രഖ്യാപനം നടത്തും. അഭി. മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് അനുഗ്രഹപ്രഭാഷണവും അഭി. മാര്‍ ആന്‍റണി കരിയില്‍ പിതാവ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. തുടര്‍ന്നു നാമകരണ നടപടികള്‍ക്കായുള്ള ഔദ്യോഗിക കമ്മീഷന്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്ക്കും. കേരള ഡാമിയന്‍ എന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന കണ്ടത്തിലച്ചന്‍റെ നാമകരണനടപടികള്‍ ആരംഭിക്കുമ്പോള്‍ ഒരു നാടു മുഴുവന്‍ ഒരു മനസ്സോടെ പ്രാര്‍ത്ഥനാനിര്‍ഭരമാകുന്നു. ആരാലും അറിയപ്പെടാനാഗ്രഹിക്കാതെ തന്‍റെ ജീവിതം മുഴുവന്‍ കുഷ്ഠരോഗികളായ സഹോദരങ്ങള്‍ക്കുവേണ്ടിയും അനാഥര്‍ക്കുവേണ്ടിയും വ്യയം ചെയ്ത ആ പുണ്യാത്മാവു വളരെ മുന്നേതന്നെ ചേര്‍ത്തലയുടെ മനസ്സുകളില്‍ വിശുദ്ധനായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org