വീണ്ടെടുക്കപ്പെട്ട മോസുളിലെ ബലിയര്‍പ്പണം ഡോക്യുമെന്‍ററിയില്‍

വീണ്ടെടുക്കപ്പെട്ട മോസുളിലെ ബലിയര്‍പ്പണം ഡോക്യുമെന്‍ററിയില്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്നു മോചിപ്പിക്കപ്പെട്ട ഇറാഖിലെ മോസുള്‍ നഗരത്തിലേയ്ക്കു ക്രിസ്ത്യന്‍ വിശ്വാസികള്‍ മടങ്ങി വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. വിശ്വാസികള്‍ മടങ്ങിയെത്തിയതോടെ അവരുടെ ദിവ്യബലിയര്‍പണങ്ങളും ആരംഭിച്ചു. അത്തരത്തില്‍ ആദ്യമര്‍പ്പിക്കപ്പെട്ട ദിവ്യബലികളിലൊന്ന് ആഗസ്റ്റ് ആദ്യവാരത്തില്‍ നഗരത്തിലെ സെ. ജോര്‍ജ് മോണാസ്ട്രിയില്‍ ആയിരുന്നു. ഫാ. ലൂയിസ് മൊന്തെസ് എന്ന പുരോഹിതന്‍ ഈ ബലിയര്‍പ്പിക്കുന്നത് ചിത്രീകരിച്ച ഡോക്യുമെന്‍ററി സോഷ്യല്‍ മീഡിയായിലൂടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ടു. വിശ്വാസത്തിന്‍റെ കാവല്‍ക്കാര്‍ എന്ന പേരിലുള്ള ഡോക്യുമെന്‍ററി ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവരുടെ സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുന്നു.

ആഗസ്റ്റ് 9 ന് വി. ഈദിത് സ്റ്റെയിനിന്‍റെ തിരുനാള്‍ ദിനത്തിലാണ് ഫാ. മൊന്തെസ് വലിയൊരിടവേളയ്ക്കു ശേഷമുള്ള മൊസുളിലെ ദിവ്യബലി അര്‍പ്പിച്ചത്. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധയാണ് ഈദിത് സ്റ്റെയിന്‍. ബലിയര്‍പ്പിച്ച മോസുളിലെ ആശ്രമം ഐസിസ് ഭീകരന്മാരുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. പള്ളിയും അള്‍ത്താരയും അലങ്കോലമാക്കപ്പെട്ടിരുന്നു. ഇങ്ങിനെയൊരു അന്തരീക്ഷത്തില്‍ കുരിശിന്‍റെ രഹസ്യത്തെ ധ്യാനിച്ചുകൊണ്ട് ബലിയര്‍പ്പിക്കുന്നത് വികാരഭരിതമായ അനുഭവമായിരുന്നുവെന്ന് ഫാ. മൊന്തെസ് അനുസ്മരിച്ചു. ഐസിസ് ആക്രമണമാരംഭിച്ച കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ മോസുളില്‍ ഇതിനു മുമ്പ് മറ്റൊരിടത്തും ദിവ്യബലി അര്‍പ്പിക്കപ്പെട്ടിരുന്നില്ല. ഇറാഖിലെ വന്‍ ക്രൈസ്തവ സാന്നിദ്ധ്യമുള്ള നഗരങ്ങളിലൊന്നായിരുന്നു മോസുള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org